കവരത്തി: ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂണിഫോം കര്‍ശനമാക്കി വീണ്ടും വിവാദ ഉത്തരവ്. പുതിയ ഉത്തരവിലും ഹിജാബിനെ കുറിച്ച് പരാമര്‍ശമില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിതരണം ചെയ്ത യൂണിഫോം മാത്രം ധരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ വിതരണം ചെയ്ത യൂണിഫോമില്‍ ഹിജാബില്ല.
ജൂലൈയില്‍ ഇറക്കിയ വിവാദ ഉത്തരവിന് പിന്നാലെയാണ് യൂണിഫോം സംബന്ധിച്ച് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഉത്തരവില്‍ അധികൃതര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരവ് അനുസരിച്ച് പാവാടയും ഷര്‍ട്ടുമാണ് ഏകീകൃത യൂണിഫോം. ബെല്‍റ്റ്, ടൈ, ഷൂസ് എന്നിവയെകുറിച്ചൊക്കെ കൃത്യമായി പ്രതിപാദിക്കുന്ന ഉത്തരവില്‍ ഹിജാബിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഉത്തരവ് ലഭിച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.