KeralaNews

‘ബാബു’വിൻ്റെ മലയിൽ വീണ്ടും ആളു കയറി,രാത്രിയിൽ തന്നെ താഴെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ.

പാലക്കാട്: ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ താഴെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്.

ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തുന്നത്.

ഉദ്യോ​ഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്നുണ്ട്. കൂടുതൽ ഫ്ലാഷ് ലൈറ്റുകൾ കണ്ടുവെന്നും എന്നാൽ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാർ പറയുന്നത്. മൂന്ന് ലൈറ്റാണ് മുകളിൽ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങൾ അവസാനിപ്പിക്കുകയാണെന്നും കൂടുതൽ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജൻ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. 

പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു രവീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button