തിരുവനന്തപുരം: ഒമ്പതാം ക്ലാസുവരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അന്തിമ തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിലുണ്ടാകും.
പരീക്ഷ നടത്തിയാല്‍ 32 ലക്ഷത്തോളം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ പരീക്ഷ നടത്തുക പ്രയോഗികമല്ല. അതിനാല്‍ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കാനാണ് ആലോചന. നിലവില്‍ എട്ടാം ക്ലാസുവരെ എല്ലാ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നുണ്ട്. ഇത് ഒന്‍പതിലേക്ക് കൂടി വ്യാപിപ്പിക്കും. ചൊവ്വാഴ്ച ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പരീക്ഷയ്ക്ക് പകരം വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി അതില്‍ മൂല്യനിര്‍ണയം നടത്താനാണ് നീക്കം. വര്‍ക്ക് ബുക്ക് തിരികെ വാങ്ങി അതിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തും. നിരന്തര മൂല്യനിര്‍ണയത്തിന്റെ മാതൃകയിലായിരിക്കുമിത്. പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പരീക്ഷ നടത്താനും ആലോചനയുണ്ട്.