അന്നക്കുട്ടിയെ നോക്കാഞ്ഞ മകള്‍ക്ക് പണി കിട്ടി;ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കുമളി: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന്, പോലീസ് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ച സംഭവത്തിൽ മകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകൾ സിജിയെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ ജോലിചെയ്യുന്ന കേരള ബാങ്ക് വിഷയത്തിൽ പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം കൊണ്ടുപോകാനും മക്കൾ എത്തിയില്ല. തുടർന്ന് ജില്ലാ ഭരണകൂടവും പോലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്കാരം നടത്തിയത്.

നേരത്തെ, അന്നക്കുട്ടി മാത്യവിന്റെ മകൻ സജിമോനും മകൾ സിജിയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പഞ്ചായത്തിൽ നിന്നുള്ള നടപടി.

നരകയാതന അനുഭവിച്ച് ദിവസങ്ങളോളം അന്നക്കുട്ടി മാത്യു വാടകവീട്ടിൽ കിടന്നെങ്കിലും മക്കളാരും തിരിഞ്ഞുനോക്കിയിരുന്നില്ല. മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോകുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അന്നക്കുട്ടിതന്നെയാണ് പോലീസിനെ അറിയിച്ചത്. മകൾ മാസംതോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്നും അവർ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News