കൊച്ചി: മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ അന്ന രാജന്റെ (ലിച്ചി) പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സൂപ്പർഹിറ്റ് ചിത്രം ‘അങ്കമാലി ഡയറീസ്’ എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, താൻ ഇതുവരെ താരസംഘടനയായ ‘അമ്മ’യിൽ (AMMA) അംഗത്വം എടുത്തിട്ടില്ലെന്നാണ് വെളിപ്പെടുത്തിയത്. സംഘടനയിൽ ചേരുന്നതിനായി മാറ്റിവെച്ച വലിയ തുക കൊണ്ട് താൻ അന്ന് സ്വർണം വാങ്ങിയെന്നും അന്ന് എടുത്ത ആ തീരുമാനം നിലവിലെ വിപണി സാഹചര്യത്തിൽ സാമ്പത്തികമായി വലിയ ലാഭമാണ് ഉണ്ടാക്കിയതെന്നും താരം വ്യക്തമാക്കുന്നു.
‘അമ്മ’ സംഘടനയിൽ ഒരു സാധാരണ അംഗത്വം എടുക്കാൻ വലിയൊരു തുക പ്രവേശന ഫീസായി വേണമായിരുന്നു. ആ പൈസ കൃത്യമായി വിനിയോഗിച്ച് അന്ന് വാങ്ങിവെച്ച സ്വർണത്തിന് ഇന്ന് വിപണിയിൽ ഇരട്ടിയിലധികം വിലയുണ്ടെന്നാണ് അന്ന രാജൻ തുറന്നുപറഞ്ഞത്. താരസംഘടനയായ ‘അമ്മ’യിൽ അടുത്തിടെയുണ്ടായ കടുത്ത ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും നേതൃമാറ്റങ്ങളെക്കുറിച്ചും താരം തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കി. സംഘടനയുടെ മുൻനിര നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വലിയ രീതിയിൽ കടന്നുവന്നപ്പോൾ ഒരു വനിതാ കലാകാരി എന്ന നിലയിൽ തനിക്ക് വലിയ സന്തോഷം തോന്നിയിരുന്നതായി താരം പറഞ്ഞു.
സ്ത്രീകൾ സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നതോടെ ഇനി ധൈര്യമായി തനിക്കും ‘അമ്മ’യിൽ അംഗത്വമെടുക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വലിയ പ്രശ്നങ്ങളും ചക്കളത്തിപ്പോരുകളും ഉണ്ടായത്. അതോടെ സംഘടനയിൽ ചേരാനുള്ള തീരുമാനം താൻ പൂർണ്ണമായി മാറ്റുകയായിരുന്നുവെന്നും അന്ന കൂട്ടിച്ചേർത്തു.അന്ന രാജന്റെ ഈ വേറിട്ട തുറന്നുപറച്ചിൽ അടങ്ങിയ വീഡിയോ ഇന്റർനെറ്റിൽ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
ഭൂരിഭാഗം സിനിമാ പ്രേക്ഷകരും അന്നയുടേത് വളരെ ബുദ്ധിപരമായ ഒരു മിടുക്കൻ തീരുമാനമാണെന്ന് പ്രശംസിക്കുന്നുണ്ട്. സംഘടനകളിലെ അനാവശ്യ ചേരിതിരിവുകളിലും ആഭ്യന്തര തർക്കങ്ങളിലും ചെന്ന് ചാടുന്നതിനേക്കാൾ എത്രയോ നല്ലത് സ്വന്തം സമ്പാദ്യം സുരക്ഷിതമാക്കുന്നതാണെന്നും പലരും താരത്തെ പിന്തുണച്ച് കമന്റ് ചെയ്യുന്നു.
അതേസമയം, താരത്തിന്റെ ഈ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നവരും സിനിമാ രംഗത്ത് കുറവല്ല. ‘അമ്മ’ എന്ന വലിയ സംഘടനയിൽ അംഗമായി ചേരുന്നത് വെറുമൊരു പണം കൊടുക്കൽ പ്രക്രിയ മാത്രമല്ലെന്നും, അംഗത്വ ഫീസിലൂടെ ലഭിക്കുന്ന തുക മലയാള സിനിമയിലെ മുൻകാല പ്രതിഭകൾക്കും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന പാവപ്പെട്ട കലാകാരന്മാർക്കും വലിയ കൈത്താങ്ങായി (കൈനീട്ടം പദ്ധതി) മാറുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഒട്ടനവധി പഴയകാല അഭിനേതാക്കളുടെ കുടുംബം പുലരുന്നത് ഈ സംഘടന നൽകുന്ന ആനുകൂല്യങ്ങൾ കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു വലിയ സംഘടനയെ കേവലം ബിസിനസ്സ് കണ്ണോടെ കണ്ട് വിലയിരുത്തുന്ന പ്രസ്താവനകൾ നടി ഒഴിവാക്കാമായിരുന്നു എന്നാണ് മറുവിഭാഗത്തിന്റെ കടുത്ത വാദം.
English Summary
Malayalam actress Anna Rajan, famous for her debut role as ‘Lichi’ in Angamaly Diaries, revealed that she has not yet taken membership in the actors’ association ‘AMMA’. She stated that she invested the money meant for the membership fee into gold instead, which has now doubled in value, proving to be a great financial decision. Anna added that she considered joining when women entered the leadership but backed out following the recent internal conflicts. Her statement has triggered mixed reactions on social media, with some praising her financial acumen and others criticizing her for ignoring the charitable aspects of the organization.


