KeralaNews

അഞ്ജു ബോബി ജോര്‍ജ് കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചു; ബി.ജെ.പി എം.പിയായി രാജ്യസഭയിലേക്കെന്ന് സൂചന

കോട്ടയം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. നോമിനേറ്റഡ് അംഗമായി അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്.

അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്. ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ് തന്നെയായിരുന്നു.

മലബാറില്‍ ഏറെ സ്വാധീനമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗമായ അഞ്ജുവിനെപ്പോലെയൊരു കായിക താരം ക്യാമ്പിലെത്തുന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നോമിനേറ്റഡ് രീതിയില്‍ ആയിരിക്കും അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കുക. അല്ലെങ്കില്‍ കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് തീരുമാനം.

2003ല്‍ പാരീസില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജമ്പില്‍ല്‍ വെങ്കലം നേടിയതോടെയാണ് അഞ്ജുവിന്റെ പ്രശസ്തി കുതിച്ചുയര്‍ന്നത്. 2005ലെ ഐഎഎഎഫ് വേള്‍ഡ് അത്ലറ്റിക് ഫൈനലില്‍ അഞ്ജു വെള്ളി നേടിയിരുന്നു. സ്വര്‍ണം നേടിയ റഷ്യന്‍ താരം ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതോടെ 2014ല്‍ വെള്ളി സ്വര്‍ണമായി ഉയര്‍ത്തുകയും ചെയ്തു. അഞ്ജുവിനെ ബിജെപിയിലേക്കടുപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമിത് ഷാ നേരിട്ടാണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button