മൂന്നു പേരും ഒന്നിച്ച് ലൈഗീക ബന്ധം, പിന്നാലെ കഴുത്തുഞെരിച്ചു, മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഓണ്‍ലൈനില്‍ ഭക്ഷണം വാങ്ങിയത് തുമ്പായി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: കേരളത്തെ നടുക്കിയ കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ ഒന്നാംപ്രതിക്ക് തൂക്കുകയര്‍. മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ പ്രബീഷി(41)നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൈനകരി സ്വദേശിനിയും പ്രബീഷിന്റെ പെണ്‍സുഹൃത്തുമായ രജനി(42)യാണ് കേസിലെ രണ്ടാംപ്രതി. മയക്കുമരുന്ന് കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്നതിനാല്‍ രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചു. രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയെ ഹാജരാക്കുന്നദിവസം ശിക്ഷ വിധിക്കും.

പുന്നപ്ര സ്വദേശിയായ അനിത(32)യെയാണ് പ്രബീഷും പെണ്‍സുഹൃത്തായ രജനിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒന്‍പതിനായിരുന്നു സംഭവം. വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം പ്രബീഷ് അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിനിടെ അനിത ഗര്‍ഭിണിയായി. വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് അനിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ശാരീരികബന്ധത്തിന് ശേഷം പ്രതികള്‍ അനിതയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി മൃതദേഹം സമീപത്തെ ആറ്റില്‍ തള്ളി. എന്നാല്‍, വെള്ളം ഉള്ളില്‍ച്ചെന്നാണ് അനിത മരിച്ചത്. പിന്നീട് മൃതദേഹം ആറ്റില്‍പൊങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അതിവിദഗ്ദമായ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

പള്ളാത്തുരുത്തിയിലെ ആറ്റില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെ കേരളത്തെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പോലീസ് നാടോടിസ്ത്രീയുടെ മൃതദേഹമെന്നു കരുതിയാണു കൈകാര്യം ചെയ്തത്. മാധ്യമങ്ങളെ അത്തരത്തില്‍ അറിയിക്കുകയും ചെയ്തു. അതേസമയം, അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ചിത്രം സഹിതമുള്ള സന്ദേശം കണ്ട് പുന്നപ്ര സ്വദേശിക്ക് അത് അനിതയാണെന്നു സംശയം തോന്നി. പഞ്ചായത്തംഗം മുഖേന പോലീസിലറിയിച്ചു. അന്വേഷണത്തില്‍ ഒരു വര്‍ഷത്തോളമായി അനിത വീടു വിട്ടിട്ടെന്ന വിവരം ലഭിച്ചു. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായും കുട്ടികളുമായും ബന്ധമില്ലെന്നും അറിഞ്ഞു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, ഇവര്‍ ഭര്‍ത്താവിന് സുഖമില്ലെന്നുപറഞ്ഞ് ആലത്തൂരിലെ ജോലിസ്ഥലത്തുനിന്ന് ആലപ്പുഴയിലേക്കു പോയതായി അറിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് സംശയിച്ചത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന സൂചന നല്‍കിയിരുന്നു. കഴുത്തു ഞെരിച്ചതിന്റെ ഫലമായി ഞരമ്പുകള്‍ക്കും തൈറോയ്ഡ് ഗ്രന്ഥിക്കുംതകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. ഇതോടെ കൊലപാതകമെന്ന നിഗമനത്തില്‍ പോലീസെത്തി. എസ്.പിയുടെ നിര്‍ദേശപ്രകാരം രണ്ടു സംഘമായി അന്വേഷിക്കാന്‍ തീരുമാനിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ് കുമാര്‍, പുന്നപ്ര ഇന്‍സ്പെക്ടര്‍ എം. യഹ്യ, നെടുമുടി ഇന്‍സ്പെക്ടര്‍ എ.വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളുണ്ടാക്കി. ഒരു സംഘം മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു വിവരം നല്‍കിയപ്പോള്‍ ഇതരസംഘം വിവരങ്ങള്‍ക്കനുസരിച്ചു സ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി.

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രബീഷിനെ പറ്റി പോലീസിനു വിവരം ലഭിച്ചെങ്കിലും നിലമ്പൂരിലെ മേല്‍വിലാസത്തിലായിരുന്നു നമ്പര്‍. അവിടത്തെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെങ്കിലും സംശങ്ങള്‍ പിന്നെയും ബാക്കി. നമ്പര്‍ ആലപ്പുഴയിലെ ടവര്‍ ലൊക്കേഷനില്‍ കാണിച്ചിരുന്നതുകൊണ്ടു പ്രതി ജില്ല വിട്ടിട്ടില്ലെന്ന് പോലീസ് കണക്കുകൂട്ടി. പ്രതികള്‍ എവിടെയെന്ന വിവരം അപ്പോഴും ലഭിച്ചിരുന്നില്ല. അങ്ങനെയാണു പ്രബീഷിന്റെ നമ്പരില്‍നിന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തെന്ന വിവരം സൈബര്‍ സെല്‍ വഴി പോലീസിനു ലഭിക്കുന്നത്. ഭക്ഷണമെത്തിച്ചു നല്‍കിയ വീടിന്റെ മേല്‍വിലാസത്തിലൂടെ പോലീസിനു കൈനകരി തോട്ടുവാത്തല രജനിയുടെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞു.

പ്രതി പ്രബീഷാണെന്ന വിവരം ലഭിച്ച പോലീസിന് കൈനകരിയിലെ വീട്ടില്‍നിന്ന് ഇവരെ പിടിക്കുകയെന്നതായിരുന്നു വെല്ലുവിളി. പോലീസ് വരുന്നെന്ന വിവരം ലഭിച്ചാല്‍ ആറിനോടു ചേര്‍ന്നുള്ള വീട്ടില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാനിടയുണ്ടെന്നു പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് വേഷപ്രച്ഛന്നരായി രജനിയുടെ വീടിനോടു ചേര്‍ന്നുള്ള പരിസരങ്ങളില്‍ പോലീസ് നിലയുറപ്പിച്ചു. മൂന്നു പേര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി.

ആലപ്പുഴയില്‍ ഛര്‍ദിയും വയറിളക്കവും പടരുന്നുണ്ടെന്നും പ്രതികള്‍ ഭക്ഷണം വാങ്ങിയ അതേ ഹോട്ടലില്‍നിന്നുള്ള ഭക്ഷണംകഴിച്ച രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണെന്നും എത്രയുംവേഗം തങ്ങളോടൊപ്പം ആശുപത്രിയില്‍ എത്തണമെന്നും പ്രബീഷിനോടാവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പ്രബീഷ് രജനിയും തന്നോടൊപ്പം ഭക്ഷണം കഴിച്ചെന്നും അവരെക്കൂടി ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാഹനത്തില്‍ക്കയറ്റി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രയുടെ ഒരു ഘട്ടത്തില്‍ എത്തിയത് പോലീസാണെന്ന് പ്രബീഷ് മനസ്സിലാക്കിയെങ്കിലും രക്ഷപ്പെടാന്‍ പഴുതുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല.

കായംകുളത്തെ ഫാമില്‍ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോള്‍ ഭര്‍ത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി.

പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലര്‍ത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനിയും കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി.

ആലത്തൂരിലുള്ള ഒരുഫാമിലാണ് അനിത അവസാനമായി ജോലിചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായും മൂക്കും പൊത്തിപിടിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ആറ്റില്‍ത്തള്ളാന്‍ തീരുമാനിച്ചു. എന്നാല്‍, അനിതയെ കയറ്റിയപ്പോള്‍ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ച്ചെന്നാണു മരിച്ചത്.

പിറ്റേദിവസം രാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയന്‍തോടുപാലത്തിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനകളില്‍നിന്നാണ് സംഭവം കൊലപാതകമാണെന്ന രീതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അനിതയുടെ ഫോണ്‍രേഖകള്‍വഴി പോലീസ് പ്രബീഷിലേക്കെത്തി. മൊബൈല്‍ ഫോണ്‍ ആലപ്പുഴയിലെ കടയില്‍ വിറ്റെന്നും മനസ്സിലാക്കി. അതിനു തൊട്ടുമുന്‍പ് മൊബൈല്‍വഴി ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേല്‍വിലാസം മനസ്സിലാക്കി പോലീസ് എത്തുമ്പോള്‍ രജനിയുമൊത്ത് പ്രബീഷ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു.

അനിത കൊലക്കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണവേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. അഡീഷണല്‍ ഗവ. പ്ലീഡര്‍ എന്‍.ബി. ഷാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News