കൊല്ലം: ശാസ്താംകോട്ടയിൽ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറായ ആഷ്ളി സോളമനാണ് ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരുളുമായി ബന്ധമുണ്ടെന്ന ആഷ്ളിയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലപാതകം നടന്ന് അഞ്ച് കൊല്ലത്തിനിപ്പുറമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ഓക്ടോബർ 9- നായിരുന്നു കേസിനാസ്പദമായ സംഭവം. അതി ക്രൂരമായാണ് ആഷ്ലി അനിതയെ കൊന്നത്. വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയുമായിരുന്നു.
വീട്ടിൽ മറ്റാരുമല്ലിത്ത സമയത്തായിരുന്നു കൊലപാതകം. അതുകൊണ്ട് തന്നെ കേസിൽ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തീകരിച്ച് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.
ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകൾ, 37 രേഖകൾ എന്നിവ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. അനിതയക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്ലി ഭാര്യയെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.
ഹർജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാൻ നിർദേശിച്ച ദിവസമാണ് കൊലപതകം നടന്നത്. സർക്കാർ സ്കൂൾ അധ്യാപികയായിരുന്നു അനിത. ശാസ്താംകോട്ട ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്താണ് അന്വേഷണം നടത്തിയത്.
അതേസമയം, വർക്കല ശാലു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക ശാലുവിന്‍റെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഭർത്താവ് സജീവിനും നൽകാൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
2022 ഏപ്രിൽ 28നായിരുന്നു ശാലുവിന്‍റെ കൊലപാതകം. അനിലിന്‍റെ കൈയ്യിൽ നിന്നും ശാലു പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോൾ നൽകാത്ത വിരോധമാണ് കൊലപാതകത്തിന് കാരണം. അയിരൂർ പോലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.