KeralaNews

കൊച്ചി നഗരസഭയിൽ എം അനിൽകുമാർ മേയർ; മട്ടാഞ്ചേരി ഡിവിഷനിലെ അൻസിയ ഡെപ്യൂട്ടി മേയർ

കൊച്ചി: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം സിപിഐ തർക്കം പരിഹരിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐയ്ക്ക് നൽകാൻ സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിൽ നിന്ന് വിജയിച്ച സിപിഐയുടെ കെ.എ അൻസിയ ഡെപ്യൂട്ടി മേയറാകും. സിപിഎം ജില്ല കമ്മിറ്റി അംഗം എം അനിൽകുമാർ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് ചേരുന്ന സിപിഎം ജില്ല കമ്മിറ്റിയിൽ അന്തിമ തീരുമാനമുണ്ടാകും.

കൊച്ചി കോർപ്പറേഷനിൽ 4 സീറ്റുകളിൽ മാത്രം വിജയിച്ച സിപിഐയ്ക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുന്നതിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി പുകഞ്ഞിരുന്നു. എന്നാൽ മുന്നണി മര്യാദയനുസരിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. ഇതോടെയാണ് ലെനിൻ സെന്‍ററിൽ സിപിഎം സിപിഐ ഉഭയകക്ഷി ചർച്ച വിളിച്ചു ചേർത്തത്.

4 പതിറ്റാണ്ടിലേറെ കാലം യുഡിഎഫ് കുത്തകയായിരുന്ന മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷൻ പിടിച്ചെടുത്ത സിപിഐയുടെ കെഎ അൻസിയയെ ഡെപ്യൂട്ടി മേയറാക്കാനാണ് തീരുമാനം. സ്ഥാനമാനങ്ങളെ ചൊല്ലി സിപിഎമ്മുമായി തർക്കങ്ങളില്ലെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പ്രതികരിച്ചു. എൽഡിഎഫിനെ പിന്തുണച്ച യുഡിഎഫിലെ രണ്ട് വിമതർക്കും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാും ധാരണയായി. 36 അംഗങ്ങളുടെ പിന്തുണയുള്ള എൽഡിഎഫിന് മറ്റന്നാൾ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ കാര്യമായ വെല്ലുവിളികളില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button