‘പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണം;മക്കളെപ്പറ്റി അധികം പറയിപ്പിക്കേണ്ട’

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ സുവര്‍ണ കാലം കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കുമെന്ന് പറഞ്ഞ ആന്റണി, പ്രചാരണത്തിന് പോകാത്തത് ആരോഗ്യകാരണങ്ങളാല്‍ ആണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്ന് ആന്റണി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താന്‍ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്യു കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയില്‍ മകന്‍ അനില്‍ ആന്റണി ജയിക്കണ്ടേ എന്ന ചോദ്യത്തിന്, അനില്‍ തോല്‍ക്കണമെന്നും അവിടെ ആന്റോ ആന്റണി ജയിക്കണമെന്നുമായിരുന്നു മറുപടി. തന്റെ മതം കോണ്‍ഗ്രസ് ആണെന്നും ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ ബിജെപിയിലേക്ക് പോയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന് എ.കെ.ആന്റണി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അതാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും എ.കെ.ആന്റണി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ കഴിയണം.

ഭരണഘടന സംരക്ഷിക്കേണ്ട, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഇന്ത്യയെന്ന ആശയം വലിയ വെല്ലുവിളി നേരിടുന്നു. 10 വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ ആ ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസിന്റെ പിന്‍സീറ്റ് ഭരണം അവസാനിപ്പിക്കലാകണം തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. കേരളത്തില്‍ പിണറായിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരായി 20 സീറ്റും യുഡിഎഫിനു നല്‍കണമെന്നും എ.കെ.ആന്റണി പറഞ്ഞു.

ഭരണഘടന നിര്‍മിച്ചതിന്റെ അവകാശം കോണ്‍ഗ്രസിനും അംബേദ്കര്‍ക്കും മാത്രമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാര്‍ട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതില്‍ ഒരു പങ്കുമില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പാര്‍ട്ടിയുടെ പൂര്‍വികര്‍. എന്നിട്ടും കോണ്‍ഗ്രസിനെ ആക്ഷേപിച്ചാല്‍ കേരളം പിണറായിക്ക് മാപ്പ് തരില്ല.

അരിയാഹാരം കഴിക്കുന്ന മലയാളികള്‍ പിണറായിയുടെ അവകാശ വാദങ്ങള്‍ നിരാകരിക്കും. ഏപ്രില്‍ 26ന് അതാണ് നടക്കുക. മലയോര മേഖലയിലെ വന്യജീവി ശല്യം കേരളത്തിലേത് പോലെ എവിടെയുമില്ല. മലയോര കര്‍ഷകരെ അവിടെനിന്ന് ഓടിക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ട്.

ജനം ഇതൊന്നും മറക്കില്ല. ജീവിക്കാന്‍ വഴിയില്ലാതെ റഷ്യയില്‍ യുദ്ധം ചെയ്യാന്‍ വരെ യുവാക്കള്‍ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തില്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കള്‍ തിരിച്ചറിയുന്നു. ഇങ്ങനെ പോയാല്‍ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറുമെന്നും ആന്റണി പറഞ്ഞു.

ഏറ്റവും വലിയ അബദ്ധമാണ് തുടര്‍ഭരണമെന്നും അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയമായിട്ടു പോലും പാനൂരില്‍ ബോംബ് ഉണ്ടാക്കുന്നു. പണ്ട് ഇത് സ്ഥിരം പരിപാടിയായിരുന്നു. വനിതകള്‍ക്ക് സീറ്റ് നല്‍കിയത് കുറഞ്ഞതായി ആന്റണി പറഞ്ഞു. അത് സീറ്റ് പട്ടികയുടെ പോരായ്മയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ കുറവ് പരിഹരിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എ.കെ.ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News