അമരാവതി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിലെ മുള്ളുങ്കുമി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ജാംബവലസ സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനായി അഞ്ച് പേരടങ്ങുന്ന സംഘമായാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് പോയത്.
വീഡിയോയ്‌ക്ക് പോസ് ചെയ്യുന്നതിനായി പെൺകുട്ടികളിൽ മൂന്നുപേർ അരുവിയ്‌ക്ക് നടുവിലുള്ള വലിയ പാറയിൽ കയറി നിന്നു. ഇതിനിടെ പാറക്കെട്ടിൽ കാൽ വഴുതി ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പ്രദേശവാസികൾ പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ല. നിരവധി മുങ്ങിമരണങ്ങൾ നേരത്തെയും ഇവിടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ മറികടന്നാണ് പലരും വെള്ളച്ചാട്ടങ്ങളിലേക്കെത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Tragedy struck at Mullungumi Falls in Andhra Pradesh’s Alluri district as three teenage girls drowned while filming a video. The victims, identified as Trisha (17), Ratnakumari (16), and Pavithra (16) from Jambavalasa, were part of a five-member group on a vacation trip. Police recovered the bodies after a long search and cautioned tourists against taking risks for social media videos at dangerous spots


