‘നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറയാം,മിസ്റ്റർ പ്രസിഡന്റ് F*** Off’; ഗ്രീൻലൻഡ് വിഷയത്തിൽ ട്രംപിനോട് ഡാനിഷ് എംപി

‘നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ പറയാം; F*** Off’; ഗ്രീൻലൻഡ് വിഷയത്തിൽ ട്രംപിനോട് ഡാനിഷ് എംപി

സ്ട്രാസ്ബർഗ്: ഗ്രീൻലൻഡിനുമേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ ശക്തമായ താക്കീത് നൽകി യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗം ആൻഡേഴ്സ് വിസ്റ്റിസൻ. ‘ഇറങ്ങി പോകൂ’ എന്ന് അർത്ഥം വരുന്ന തരത്തിലുള്ള ഒരു തെറിവാക്കാണ് അദ്ദേഹം ട്രംപിനെതിരെ പ്രയോഗിച്ചത്. യൂറോപ്യൻ പാർലമെന്റിൽ ഗ്രീൻലൻഡിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു വിസ്റ്റിസന്റെ പ്രതികരണം.

ദേശീയ സുരക്ഷാ കാരണങ്ങളാൽ ഗ്രീൻലൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്നാണ്‌ ട്രംപിന്റെ വാദം. റഷ്യയുടെയും ചൈനയുടെയും സ്വാധീനം പ്രതിരോധിക്കാൻ ആർട്ടിക് ദ്വീപിൽ വാഷിങ്ടണിന് കൂടുതൽ നിയന്ത്രണം ആവശ്യമാണെന്നും ഇത്തരം നീക്കങ്ങളെ എതിർക്കുന്ന യൂറോപ്യൻ സഖ്യകക്ഷികൾക്കെതിരെ സാമ്പത്തിക സമ്മർദ്ദം ഉപയോഗിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. ഇതിന്, ‘നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വാക്കുകളിൽ പറയാം; മിസ്റ്റർ പ്രസിഡന്റ്, F*** Off.’ എന്നായിരുന്നു സെഷനിൽ ആൻഡേഴ്സ് വിസ്റ്റിസന്റെ പ്രതികരണം.

ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായങ്ങളെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും എതിരായ വെല്ലുവിളി എന്നാണ് യൂറോപ്യൻ ഉദ്യോഗസ്ഥർ പരാമർശിച്ചത്. ദ്വീപ് വിൽപ്പനയ്ക്കല്ലെന്ന് ഡാനിഷ്, ഗ്രീൻലൻഡ് നേതാക്കൾ ആവർത്തിച്ചു. ഡെൻമാർക്ക് രാജ്യത്തിനുള്ളിൽ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശമാണ് ഗ്രീൻലൻഡ്.

ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അയൽരാജ്യമായ കാനഡ, വെനസ്വേല, ഗ്രീൻലൻഡ് എന്നിവ അമേരിക്കൻ പ്രദേശമായി ഉൾക്കൊള്ളുന്ന ഒരു ഭൂപടം പങ്കുവെച്ചതാണ് വിസ്റ്റിസനെ പ്രകോപിപ്പിച്ചത്. ഇത് എഐ നിർമ്മിത ചിത്രമാണെന്നാണ്‌  വിലയിരുത്തൽ. യൂറോപ്യൻ നേതാക്കളായ ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോൺ, യുകെയിലെ കീർ സ്റ്റാർമർ, ഇറ്റലിയുടെ ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവരുമായി ട്രംപ് ചർച്ച നടത്തുന്നതായി കാണിക്കുന്ന ചിത്രത്തിൽ ഈ ഭൂപടം പശ്ചാത്തലത്തിലുണ്ട്.

ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിട്ടുള്ള, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്കൊപ്പം ഡൊണാൾഡ് ട്രംപ് ഗ്രീൻലൻഡിൽ അമേരിക്കൻ പതാക നാട്ടുന്നതായുള്ള എഐ ദൃശ്യവും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അതിൽ ‘യുഎസ് ടെറിട്ടറി’ എന്നാണ് ലേബൽ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News