തിരുവനന്തപുരം:ഒരു പസിലിലെന്ന പോലെ ചിതറിക്കിടക്കുന്ന ഇരുന്നൂറോളം ദ്വീപുകൾ, ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിലേക്ക് ഒറ്റക്കാഴ്ചയിൽ തന്നെ കൊണ്ടുപോകുന്നയിടം. ബംഗാൾ ഉൾക്കടലിന്‍റെ നടുവിലായി സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഓരോ സഞ്ചാരിയുടെയും യാത്രാ മോഹമാണ്.
കാലാപാനി എന്നറിയപ്പെടുന്ന സെല്ലുലാര് ജയില് മുതൽ ബീച്ചുകളും കടലിലെ സാഹസിക വിനോദങ്ങളും ട്രെക്കിങ്ങും മറ്റ് നിരവധി ആക്ടിവിറ്റികളും ചേരുന്ന ആന്‍ഡമാൻ സഞ്ചാരികള്‍ക്ക് സ്വർഗ്ഗമാണ്. ഈ ആൻഡമാൻ കാഴ്ചകളിലേക്ക് ഒരു യാത്രയൊരുക്കുകയാണ് ഐആർസിടിസി. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം
തിരുവനന്തപുരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. സപ്റ്റംബർ 14 ന് യാത്ര പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിനോട് അടുപ്പിച്ചാണ് പോർട്ട് ബ്ലയറിൽ എത്തുക. അതിന് ശേഷം നേരെ ഹോട്ടലിൽ എത്തി ഫ്രഷ് ആയതിന് ശേഷം കോർബിൻസ് കോവ് ബീച്ചും ലൈറ്റ് & സൗണ്ട് ഷോയുള്ള സെല്ലുലാർ ജയിലും സന്ദർശിക്കും. അത്താഴവും രാത്രി താമസവും പോർട്ട് ബ്സയറിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 15 ന് രാവിലെ റോസ് ഐലന്റിലേക്കും നോർത്ത് ബേയിലേക്കുമാണ് യാത്ര.
ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിൻ്റെ പഴയ തലസ്ഥാനമായിരുന്നു റോസ് ഐലന്റ്. റോസ് ഐലൻഡിൽ നിന്ന് നേരെ കോറൽ ഐലന്റിലേക്ക്. ഇവിടെ പവിഴപ്പുറ്റുകളും വർണാഭമായ മത്സ്യങ്ങളേയുമൊക്കെ കാണാനാകും. കൂടാതെ സമുദ്ര കാഴ്ചകൾ ആസ്വദിച്ച് ഗ്ലാസ് ബോട്ടിലും (നേരിട്ടുള്ള പേയ്‌മെൻ്റ് അടിസ്ഥാനത്തിൽ) യാത്ര ചെയ്യാം. അന്ന് രാത്രിയും പോർട്ട് ബ്ലെയറിൽ തന്നെയാണ് അത്താഴവും രാത്രി താമസവും ഉണ്ടാകുക.
16ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം അഡ്ജസൻറ് ബീച്ചിലേക്ക്. ഉച്ചകഴിഞ്ഞ് ലോകപ്രശസ്തമായ രാധാനഗർ ബീച്ച് (ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ച്) സന്ദർശിക്കും.ഹാവ്‌ലോക്കിലാണ് അത്താഴവും രാത്രി താമസവും. 17 ന് രാവിലെ കാലാപത്തർ ബീച്ചിലേക്ക് പോകും.പിന്നീട് ലക്ഷ്മൺപൂർ ബീച്ച് സന്ദർശിച്ച് സൂര്യാസ്തമയം ആസ്വദിച്ച് മടക്കം.18 ന് പ്രകൃതി പാലവും ഭരത്പൂർ ബീച്ചും കാണും. അവിടുന്ന് പോർട്ട് ബ്ലയറിലേക്ക് പോകും. പിറ്റേന്ന് ഉച്ചയോടെ പോർട്ട് ബ്ലയർ എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് മടക്കം.
49,700 രൂപ മുതലാണ് പാക്കേജ്. ഡബിൾ ഒക്യുപെൻസിയിൽ 50,150 രൂപയും സിംഗിൾ ഒക്യുപെൻസിയിൽ 63,260 രൂപയുമാണ് പാക്കേജ് ചെലവ്. കൂടുതൽ വിവരങ്ങൾക്ക് 8287932095 എന്ന നമ്പറിൽ ബന്ധപ്പെടാം.