തൃശൂര്‍: അച്ഛനില്ലാതെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് തന്നെ വളര്‍ത്തിയ അമ്മയെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി അന്‍സി വിഷ്ണു എന്ന യുവതി. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ആരുടെയും തണലില്ലാതെ അമ്മ തന്നെ വളര്‍ത്തിയെന്ന് അന്‍സി കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വികാരനിര്‍ഭരമായ കുറിപ്പ് അന്‍സി പങ്കുവെച്ചത്. അമ്മയ്ക്ക് ഒരു പുരുഷനും കൂട്ട് ഉണ്ടായിരുന്നില്ല, ഒറ്റക്ക് നിവര്‍ന്ന് നിന്ന് ആരുടേയും മുന്‍പില്‍ തല കുനിക്കാതെ, പലതരം ജോലികള്‍ ചെയ്ത് മാന്യമായി തനിക്കൊരു ജീവിതം കൈപിടിച്ചു തന്നത് അമ്മയാണെന്ന് അന്‍സി കുറിക്കുന്നു.
ജീവിതത്തില്‍ ഇന്നോളം അച്ഛനുണ്ടായിട്ടില്ല, അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോഴേല്ലാം, കൈവിറച്ച് കണ്ണ് നിറഞ്ഞ് അമ്മയുടെ പേര് എഴുതി ഒപ്പിച്ചിട്ടുണ്ട്, അച്ഛനില്ലാത്തവളാകുക എന്നത് അന്നൊക്കെ എനിക്ക് അപമാനമായിരുന്നു, അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചുവെന്നും അന്‍സി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
Single parent Parenting
അമ്മക്കുട്ടിയായിരുന്നു ഞാന്‍, അമ്മ മാത്രം വളര്‍ത്തിയ കുട്ടി. ജീവിതത്തില്‍ ഇന്നോളം അച്ഛനുണ്ടായിട്ടില്ല, അച്ചന്റെ പേര് പൂരിപ്പിക്കേണ്ടി വന്നപ്പോഴേല്ലാം, കൈവിറച്ച് കണ്ണ് നിറഞ്ഞ് അമ്മയുടെ പേര് എഴുതി ഒപ്പിച്ചിട്ടുണ്ട്, അച്ഛനില്ലാത്തവളാകുക എന്നത് അന്നൊക്കെ എനിക്ക് അപമാനമായിരുന്നു, അമ്മക്ക് പറ്റിയ വലിയ തെറ്റായിരുന്നു ഞാനെന്ന് വിശ്വസിച്ചു.
സ്ത്രീ അബലയാണ് ആണ്‍ തുണയില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നൊക്കെ വെറുതെ പറയുകയാണ്, ഇരുപത് വര്‍ഷങ്ങള്‍ ചെറുതല്ല, അത്രയും രാപകലുകള്‍ എന്റെ അമ്മക്ക് ഒരു പുരുഷനും കൂട്ട് ഉണ്ടായിരുന്നില്ല, ഒറ്റക്ക് നിവര്‍ന്ന് നിന്ന് ആരുടേയും മുന്‍പില്‍ തല കുനിക്കാതെ,പലതരം ജോലികള്‍ ചെയ്ത് മാന്യമായി ഒരു പെണ്‍കുട്ടിയെ വളര്‍ത്തിയെടുത്തു എന്റെ അമ്മ.
മനസാണ്, ആത്മ വിശ്വാസമാണ് സ്ത്രീയുടെ കരുത്ത് എന്ന് അമ്മയുടെ ജീവിതത്തിലൂടെ അമ്മയെന്നെ പഠിപ്പിച്ചു. അച്ഛന്റെ പേര് ചേര്‍ത്താലേ എവിടെയും അംഗീകരിക്കപെടുള്ളു, എന്നൊരാവസ്ഥയിലാണ് ഞാന്‍ ജീവിച്ചത്, sslc book ല്‍ അച്ഛന്റെ പേര് എഴുതണം നിര്‍ബന്ധം ആണെന്ന് അധ്യാപകര്‍ പറഞ്ഞപ്പോള്‍, ഞാന്‍ ഒഴികെ എല്ലാകുട്ടികളും sslc സെര്ടിഫിക്കറ്റിനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയപ്പോള്‍, അച്ഛന്റെ പേര് എഴുതേണ്ട ഭാഗം അപൂര്‍ണമായപ്പോഴേക്കെ ഞാന്‍ ആ മനുഷ്യനെ ശപിച്ചിട്ടുണ്ട്, പക്ഷെ എനിക്ക് അമ്മ മാത്രം മതിയെന്ന്, ഞാന്‍ അമ്മയുടെ മാത്രം മകള്‍ ആണെന്ന് എനിക്ക് ലോകത്തോട് വിളിച്ച് പറയണമായിരുന്നു….
ഞാന്‍ ഒരു single parent child ആണ്, അച്ഛനില്ല അമ്മ മാത്രാണ് ഉള്ളത് എന്ന് പറയേണ്ടി വന്നപ്പോഴൊക്കെ ഉറ്റുനോക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാന്‍ എത്ര bold ആണെന്നോ ജീവിതത്തിലെ ഒരു പ്രെശ്നത്തിലും ഞാന്‍ തളരില്ല, അരുതുകളില്ലാതെ വളര്‍ന്നു, നിറയെ ചിരിക്കുന്നു….. അച്ചന്‍ ഉണ്ടെങ്കില്‍ മാത്രമല്ല, അമ്മ മാത്രമെങ്കിലും മക്കള്‍ വളരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാന്‍.. Single parenting നമ്മള്‍ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്,,
സമൂഹത്തിലെ അനേകം ഉറ്റുനോക്കലുകള്‍ക്ക് സാക്ഷിയാകേണ്ടവര്‍ അല്ല അത്തരം മക്കളും അമ്മമാരും.