ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച,രണ്ട് സ്പോർട്സ് ബൈക്കുകൾ രണ്ടംഗ സംഘം കടത്തി കൊണ്ടുപോയി
കൊച്ചി:ആലുവയിലെ ബൈക്ക് ഷോറൂമിൽ സെക്യൂരിറ്റി ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. രണ്ട് സ്പോർട്സ് ബൈക്കുകൾ രണ്ടംഗ സംഘം കടത്തി കൊണ്ടുപോയി. ആലുവ മുട്ടത്ത് ദേശീയപാതയോരത്തെ കെടിഎം ബൈക്ക് ഷോറൂമിൽ പുലർച്ചെയാണ് സംഭവം. രണ്ട് പേർ ചേർന്ന് വടിവാൾ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തി,മുറിയിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയതെന്നാണ് പശ്ചിമ ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്.
സർവ്വീസ് ചെയ്യാനായി ഷോറൂമിൽ എത്തിച്ച രണ്ട് ലക്ഷം വില വരുന്ന രണ്ട് ബൈക്കുകളാണ് കവർച്ച ചെയ്യപ്പെട്ടത്. ഉയരമുള്ള രണ്ട് പേർ സെക്യൂരിറ്റി ജീവനക്കാരനെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി പണം ആവശ്യപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.