തിരുവനന്തപുരം: എറണാകുളത്ത് കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്(25) ജന്മനാടിന്റെ അന്ത്യാഞ്ജലി. ആലംകോട് പാലാംകോണം അൻസി കോട്ടേജിൽ അബ്ദുൽ കബീർ-റസീന ബീവി ദമ്പതിമാരുടെ ഏകമകളാണ് അൻസി. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം പാലാംകോണത്തെ വീട്ടിലെത്തിച്ചത്.
പിതാവ് അബ്ദുൽ കബീർ ഖത്തറിൽനിന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലെത്തി. തുടർന്ന് മൃതദേഹം ആലംകോട് ജുമാ മസ്ജിദിൽ കബറടക്കി.
അൻസിയുടെ മരണവാർത്തയറിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ആത്മഹത്യക്കു ശ്രമിച്ച മാതാവ് റസീന ബീവി ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തതായി ബന്ധുക്കൾ അറിയിച്ചു. അന്ത്യാഞ്ജലിയർപ്പിക്കാൻ ഇവരെ വീട്ടിലേക്കു കൊണ്ടുവരാൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ എറണാകുളം ദേശീയപാതയിൽ പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിനു സമീപമാണ് അൻസിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അൻസിക്കൊപ്പമുണ്ടായിരുന്ന മുൻ മിസ് കേരള റണ്ണറപ്പ് തൃശ്ശൂർ ആളൂർ അമ്പാടൻ വീട്ടിൽ അഞ്ജനാ ഷാജനും(24) മരിച്ചു.
അൻസിയെ അവസാനമായൊന്നു കാണാൻ ബന്ധുക്കളും നാട്ടുകാരുമായി ധാരാളമാളുകളെത്തിയിരുന്നു. അൻസിയുടെ അകാല വേർപാടിന്റെ ഞെട്ടലിൽനിന്ന് ആലംകോട് ഇനിയും മുക്തമായിട്ടില്ല. 2019-ൽ മിസ് കേരളയും 2021-ൽ മിസ് സൗത്ത് ഇന്ത്യയും ആയി ഈ ഗ്രാമത്തിന്റെ അഭിമാനമായി മാറിയ പെൺകുട്ടിയെയാണ് മരണം കവർന്നെടുത്തത്.
പഠനത്തിൽ മിടുക്കിയായിരുന്നു അൻസിയെന്ന് ബന്ധുക്കൾ പറയുന്നു. കീഴാറ്റിങ്ങൽ മദർ ഇന്ത്യ പബ്ലിക് സ്കൂളിലായിരുന്നു അൻസിയുടെ സ്കൂൾവിദ്യാഭ്യാസം. തുടർന്ന് കഴക്കൂട്ടം മരിയൻ എൻജിനിയറിങ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ എൻജിനിയറിങ് പഠനം. ഇതിനൊപ്പം മോഡലിങ്ങും ആരംഭിച്ചു.
പഠനം പൂർത്തിയായപ്പോഴേക്കും കാമ്പസ് ഇന്റർവ്യൂ വഴി ഇൻഫോസിസിൽ ജോലി ലഭിച്ചു. കഴക്കൂട്ടം ടെക്നോപാർക്കിലായിരുന്നു നിയമനം. ജോലിക്കൊപ്പം മോഡലിങ്ങും തുടർന്നു. മിസ് കേരള പട്ടം ലഭിച്ചതോടെ മോഡലിങ് രംഗത്തു തിരക്കേറി. തുടർന്ന് കൊച്ചിയിൽ താൽക്കാലികമായി താമസമാരംഭിക്കുകയും വർക്ക് ഫ്രം ഹോം അനുസരിച്ച് ഇൻഫോസിസിലെ ജോലി തുടരുകയുമായിരുന്നു.
ബന്ധുക്കൾക്കും അയൽവാസികൾക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവളായിരുന്നു അൻസി. രണ്ടാഴ്ച മുൻപ് അൻസി വീട്ടിലെത്തി രണ്ടു ദിവസം തങ്ങിയ ശേഷം കൊച്ചിയിലേക്കു മടങ്ങിയതായി ബന്ധുക്കൾ പറയുന്നു. പുഞ്ചിരിതൂകി തിളങ്ങുന്ന മുഖം പരിചയമുള്ളവരുടെ മനസ്സുകളിൽ നിറച്ച് അൻസി ഓർമയായപ്പോൾ, ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു പ്രതിഭയെയാണ് ജന്മനാടിനു നഷ്ടമായത്.