KeralaNews

കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ല, അന്വേഷണം നടക്കട്ടെയെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്ത് വിവാദം സിപിഎം അന്വേഷിക്കും. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടേ. എല്ലാ വശങ്ങളും അന്വേഷിക്കും. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.

കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള ഡി ആര്‍ അനിലിന്‍റെ കത്തിനെ ആനാവൂര്‍ ന്യായീകരിച്ചു. കുടുംബശ്രീയില്‍ നിന്ന് പെട്ടെന്ന് ലിസ്റ്റ് കിട്ടാനായിരുന്നു കത്ത്. അനിലിന്‍റെ കത്ത് ശരിയാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു. 

അതേസമയം കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്‍കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച് പ്രചരിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.

കത്ത് വിവാദത്തിൽ മേയർക്ക് എതിരായ പ്രതിഷേധത്തിൽ തിരുവനന്തപുരം സംഘർഷഭൂമിയായി. നഗരസഭയിൽ മണിക്കൂറുകളായി ബഹളം തുടരുകയാണ്. ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങൾക്ക് എത്തിയവരെ ഉൾപ്പടെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. സംഘർഷത്തിൽ അകപ്പെട്ട പ്രായമായവർ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി. നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button