മുപ്പത് വർഷം മുമ്പ് നടന്ന ഒരു രഹസ്യ മോതിരംമാറലിന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ പദ്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്ത പദ്മനാഭൻ. നടൻ ജയറാമും പാർവതിയും മോതിരംമാറുന്ന ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പദ്മരാജന്റെ ചിത്രത്തിനുമുന്നിൽ വെച്ചാണ് ഈ ചടങ്ങ് നടന്നത്.
മുപ്പത് വർഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പിൽ നടന്ന ഒരു രഹസ്യമോതിരംമാറൽ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുമ്പ് ) സിനിമയിലല്ല എന്നാണ് ചിത്രത്തിനൊപ്പം അനന്ത പദ്മനാഭൻ എഴുതിയിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ആഴ്‌വാർകടിയൻ നമ്പിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിനൊപ്പമായിരുന്നു ഈ അപൂർവ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് ജയറാം നൽകിയ മറുപടി സന്ദേശവും ഇതിനൊപ്പമുണ്ട്.
പടവും ഗംഭീരം, പെർഫോമൻസും ഗംഭീരം. നമ്പി എന്ന കഥാപാത്രം സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമയിലെ ഭ്രാന്തൻ ചാന്നാന്റെ ഒരു കോമിക് വേർഷനാണ്. ആ കഥാപാത്രം വരുന്ന ഏരിയയെ അങ്ങ് പ്രകാശമാനമാക്കുകയാണ്. അതുവരെയുണ്ടാകുന്ന മൂഡ് മുഴുവൻ മാറ്റി ലൈറ്റർ മൂഡിലേക്കു കൊണ്ടുവന്നത് നമ്പിയുടെ പ്രകടനമാണ്. എത്രപേർ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയില്ല. കാർത്തി ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിലും അതിൽ നമ്മൾ കണ്ടിട്ടുള്ള ബോഡി ലാംഗ്വേജ് തന്നെയാണ്. പക്ഷേ നമ്പി ചെയ്യുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂർവം മാറ്റി വച്ചിരിക്കുന്നു. കുറച്ച് റിസർച്ച് ഉണ്ടായിക്കാണുമെന്ന് തോന്നുന്നു. ഇതാണ് മാഗ്നം ഓപസ് എന്നും അനന്ത പദ്മനാഭൻ പറഞ്ഞു.
വേറെ ഒരു സിനിമ ചെയ്തിട്ടും ഇത്രയേറെ ബൊക്കെയും പൂക്കളും കിട്ടിയിട്ടില്ല എന്നാണ് ഇതിന് മറുപടിയായി ജയറാം പറഞ്ഞത്. വ്യക്തിപരമായി നിരവധി വിളികൾ വരുന്നു. രജനികാന്തിനേപ്പോലെയുള്ളവർ വിളിച്ച് അഭിനന്ദിക്കുന്നു. ഒരുപാട് പഠിച്ചിട്ടാണ് ചെയ്തത്. വന്തിയതേവൻ കഴിഞ്ഞാൽ പിന്നെ വരുന്ന പ്രധാനകഥാപാത്രമാണ് നമ്പി. അയാളൊരു ചാരനാണ്, അക്രമാസക്തനാണ്. ഒരു സംഘട്ടനരംഗത്തിൽ നമ്പിയാണ് എതിരാളികളെ കുത്തിവീഴ്ത്തുന്നത്. ചില പ്രശ്നങ്ങൾ കാരണം ആ ഭാഗം ഒഴിവാക്കുകയായിരുന്നു. രണ്ടാം ഭാഗത്തിൽ ഗംഭീരരംഗങ്ങൾ വരാനുണ്ട്. പദ്മരാജൻ സാറുണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷപ്പെട്ടേനേ എന്നും ജയറാം കൂട്ടിച്ചേർത്തു.