തിരുവനന്തപുരം:അനന്യ കുമാരി അലക്സിൻ്റെ എന്ന നിര്യാണമടക്കമുള്ള ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പ് മന്ത്രി
ഡോ.ആര്‍. ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തു.അനന്യ കുമാരി അലക്സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ്
യോഗ നടപടികള്‍ ആരംഭിച്ചത്.
യോഗത്തില്‍ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി ഡയറക്ടര്‍, ബോര്‍ഡിലെ ട്രാന്‍സ് പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍,
അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
നിലവില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടന്നു വരുന്നത്. ഇതില്‍ ചികിത്സാ രീതികള്‍, ചികിത്സ ചിലവ്, തുടര്‍ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ല. ഇത് ചില വ്യക്തികളില്‍ പലതരത്തിലുള്ള ആരോഗ്യ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ശസ്ത്രക്രിയകള്‍ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകള്‍, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാന്‍ജന്‍ഡര്‍ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയില്‍ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങള്‍ സൃഷ്ടിച്ച് എടുക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കുന്നതാണ്.
ശാരീരികമായും മാനസികമായും സാമൂഹികമായും കൂടുതല്‍ കരുതല്‍ വേണ്ട വിഭാഗം എന്ന നിലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചും, സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ മുന്‍ഗണന വിഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തി.
പാഠ്യപദ്ധതികളിലും അദ്ധ്യാപക വിദ്യാര്‍ഥികളുടെ കരിക്കുലത്തിലും SOGIESC Sexual orientation and gender identity ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.