മുംബൈ: അംബാനി കുടുംബത്തിലെ വമ്പന്‍ വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റിനെയാണ് വിവാഹം കഴിക്കുന്നത്. കോടികളാണ് വിവാഹത്തിന് മുമ്പ് മുകേഷ് അംബാനി ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനും മറ്റ് പരിപാടികള്‍ക്കുമായി ചെലവിട്ടത്. രണ്ട് പ്രീ വെഡ്ഡിംഗുകളാണ് വിവാഹത്തിന് മുമ്പ് നടത്തിയത്. ആദ്യത്തേത് ഗുജറാത്തിലെ ജാംനഗറിലും രണ്ടാമത്തേത് ഇറ്റലിയിലുമായിരുന്നു.
ഇത് ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു നടന്നത്. ആദ്യ പ്രീ വെഡ്ഡിംഗിന് 1200 കോടിയോളമാണ് മുകേഷ് അംബാനി ചെലവിട്ടത്. ലോകത്ത് തന്നെ ഏറ്റവും ചെലവേറിയ പ്രീ വെഡ്ഡിംഗായിരുന്നു ഇത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ആഡംബരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല.
അതേസമയം ആനന്ദിന്റെ വിവാഹവും അതുപോലെ തന്നെയാണ്. യാതൊരു വിട്ടുവീഴ്ച്ചയും ബജറ്റിന്റെ കാര്യത്തില്‍ മുകേഷ് അംബാനി നടത്തിയിട്ടില്ല. ഏതൊരു വിവാഹ ചെലവിന്റെ കാര്യത്തിലും ആനന്ദിന്റേത് വളരെ മുന്നിട്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഇത് മുകേഷ് അംബാനിയുടെ മൊത്തം ആസ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.
മുകേഷ് അംബാനി ആസ്തിയുടെ 0.5 ശതമാനമാണ് മകന്റെ വിവാഹത്തിനായി ചെലവിടുന്നത്. മുകേഷ് അംബാനിയുടെ മക്കളില്‍ ഇളയവനാണ് ആനന്ദ്. നേരത്തെ തന്നെ ഇഷാ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹം നടന്നതാണ്. ഈ വിവാഹവും ആഡംബരത്തോടെയായിരുന്നു നടന്നത്.
അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അയ്യായിരം കോടിയാണ് മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി ചെലവിടുകയെന്നാണ് റിപ്പോര്‍ട്ട്. ആറ് ബില്യണോളം രൂപ വരുമിത്. എന്നാല്‍ മുകേഷ് അംബാനിയുടെ ആസ്തി 123.2 ബില്യണാണ്. അതുകൊണ്ട് ചെലവ് നോക്കുമ്പോള്‍ വളരെ കുറവാണ്. അംബാനി കുടുംബം മൂന്ന് ഫാല്‍ക്കണ്‍-200 ജെറ്റുകള്‍ അതിഥികളെ കൊണ്ടുവരാനായി വാടകയ്ക്ക് എടുത്തിയിട്ടുണ്ട്.
എയര്‍ ചാര്‍ട്ടര്‍ കമ്പനിയായ ക്ലബ് വണ്‍ എയര്‍ സിഇഒ രാജന്‍ മെഹ്‌റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പ്രൈവറ്റ് വിമാനങ്ങള്‍ ചടങ്ങുകള്‍ക്കായി ഉപയോഗിക്കാനാണ് സാധ്യത. ഓരോ വിമാനവും ഒന്നിലധികം ട്രിപ്പുകള്‍ രാജ്യത്താകെ നടത്തുമെന്നും രാജന്‍ മെഹ്‌റ പറഞ്ഞു.
അതേസമയം മുംബൈയിലെ ബാന്ദ്ര കുര്‍ള സെന്ററിലെ ജിയോ വേള്‍ഡ് സെന്ററിലാണ് വിവാഹം നടക്കുക. ഇവിടേക്കുള്ള റോഡുകളില്‍ നിയന്ത്രണങ്ങളുണ്ട്. വിവാഹത്തിനുള്ള വാഹനങ്ങള്‍ മാത്രമേ ഇവിടേക്ക് കടത്തിവിടൂ. ജൂലായ് 12നും പതിനഞ്ചിനും ഇടയിലാണിത്. മുംബൈയിലെ ട്രാഫിക് പോലീസ് ജനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണത്തെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ജൂലായ് പന്ത്രണ്ടിനാണ് വിവാഹം നടക്കുക. ബാക്കിയുള്ള രണ്ട് ദിവസം ആശീര്‍വാദം നല്‍കുന്ന ചടങ്ങുകളാണ്. അതോടൊപ്പം വിവാഹ റിസപ്ഷനും ഉണ്ടായിരിക്കും. ഇവിടേക്കും റോഡുകളും സമീപ പ്രദേശങ്ങളുമെല്ലാം ചുവന്ന പൂക്കളും അലങ്കാര ലൈറ്റുകളും വെച്ച് അലങ്കരിച്ചിട്ടുണ്ട്. അംബാനി കുടുംബത്തിന്റെ ആന്റിലിയയും അലങ്കരിച്ചിട്ടുണ്ട്.