മുംബൈ:അംബാനി കുടുംബത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ഏറെ ആകാംഷയോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, കുടുംബത്തിലെ വിവാഹച്ചടങ്ങുകൾ തുടങ്ങിയവയെല്ലാം. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും വ്യവസായി വിരേൻ മർച്ചന്റിന്റെ മകൾ രാധികാ മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ നിറഞ്ഞ് നിൽക്കുന്നത്. നാളെ ഗുജറാത്തിലെ ജാംനഗറിലാണ് ഇവരുടെ പ്രീ വെഡിംഗ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഈ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാം.
പ്രകൃതിക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള രീതിയിലാണ് മൃഗസ്നേഹികളായ ആനന്ദിന്റെയും രാധികയുടെയും പ്രീ വെഡിംഗ് ആഘോഷത്തിന്റെ ക്ഷണക്കത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് പ്രീ വെഡിംഗ് ആഘോഷങ്ങൾ നടക്കുന്നത്.
1997-ൽ റിലയൻസ് ജാംനഗറിന് സമീപം ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ്റൂട്ട് റിഫൈനിംഗ് കോംപ്ലക്സ് നിർമ്മിച്ചുവെന്നും ഈ വരണ്ട പ്രദേശത്ത് 10 ദശലക്ഷത്തിലധികം മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ഇപ്പോഴിത് പച്ചപ്പ് നിറഞ്ഞ ഒരു ഹരിത ഭൂമിയായി മാറിയെന്നും ആയിരക്കണക്കിന് മൃഗങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ ചടങ്ങുകൾക്കും അതിഥികൾക്ക് പ്രത്യേക ഡ്രസ് കോഡ് ഉണ്ടായിരിക്കുമെന്നും കത്തിൽ നിർദേശിച്ചിട്ടുണ്ട്.
മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹത്തിനായി 900 കോടി രൂപയാണ് അംബാനി കുടുംബം ചെലവിട്ടത്. ആനന്ദിന്റെ വിവാഹ ബഡ്ജറ്റ് ഇതിന് മുകളിൽ പോകുമെന്നാണ് റിപ്പോർട്ട്. ആയിരം കോടിയാണ് ആനന്ദിന്റെയും രാധിക മർച്ചന്റിന്റെയും വിവാഹ ബഡ്ജറ്റെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമായി ഇത് മാറും.
ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത രീതിയിൽ അന്നസേവ നടത്തിയാണ് വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്. ആനന്ദ് അംബാനി, രാധിക മർച്ചന്റ്, മുകേഷ് അംബാനി തുടങ്ങി കുടുംബാംഗങ്ങളെല്ലാം അന്ന സേവയിൽ പങ്കെടുത്തു. രാധികയുടെ മാതാപിതാക്കളും മുത്തശിയും ചടങ്ങിലുണ്ടായിരുന്നു. ഏകദേശം 51,000 ഗ്രാമവാസികൾക്കാണ് ഭക്ഷണം വിളമ്പിയത്. വരും ദിവസങ്ങളിലും ഗ്രാമത്തിൽ അന്നസേവ നടക്കും.
അന്നസേവയ്ക്ക് ശേഷം വിവിധ കലാപരിപാടികൾ ആസ്വദിച്ചതിന് ശേഷമാണ് ഗ്രാമവാസികൾ മടങ്ങിയത്. ഗുജറാത്തിലെ കച്ച്, ലാൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾ നിർമ്മിച്ച പരമ്പരാഗത സ്കാർഫുകൾ അതിഥികൾക്ക് സമ്മാനിച്ചിരുന്നു.
ക്ഷണിക്കപ്പെട്ട അതിഥികളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക. ഭക്ഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് നേരത്തെ ഹോസ്പിറ്റാലിറ്റി ടീമിനെ അറിയിക്കാം. ഇതിനനുസരിച്ചുള്ള ഭക്ഷണ വിഭവങ്ങൾ ഇവർ തയ്യാറാക്കും. അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇവർ കരുതുന്നുണ്ട്. 25ലധികം വിദഗ്ദ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത്. ഇവര്‍ ജാംനഗറിലേക്ക് നേരത്തെ തന്നെ വിമാനമാര്‍ഗം എത്തി.
ഇൻഡോറി ഫുഡിന് അല്പം പ്രാധാന്യം കൂടുതല്‍ നല്‍കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ പാര്‍സി, തായ്, മെക്സിക്കൻ, ജാപ്പനീസ് എന്നിങ്ങനെ വൈവിദ്ധ്യങ്ങള്‍ വേറെയും. ഏഷ്യൻ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവിലുണ്ട്. മൂന്ന് ദിവസം കൊണ്ട് 2,500ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. എല്ലാം പുതിയ വിഭവങ്ങളായിരിക്കും.
പ്രാതലിന് തന്നെ 70ഓളം ഓപ്ഷനുകളുണ്ട്. ലഞ്ചിന് 250, ഡിന്നറിനും അത്രതന്നെ ഓഫ്ഷനുകൾ ഉണ്ടാകും. അതിഥികളുടെ താൽപ്പര്യമനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണങ്ങളും ധാരാളം ഉണ്ടാകും. മിഡ്നൈറ്റ് സ്നാക്സും അതിഥികൾക്കായി ഒരുക്കുന്നുണ്ട്.
മൂന്ന് ദിവസം കൊണ്ട് ആകെ അഞ്ചിലധികം പരിപാടികളാണ് പ്രീ-വെഡിംഗ് ആഘോഷത്തില്‍ നടത്തുക. ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖർ അതിഥികളായെത്തും. വിവാഹപൂർവ പരിപാടികൾ ഇത്രയും കെങ്കേമമാണെങ്കിൽ വിവാഹം എങ്ങനെയായിരിക്കും എന്ന കൗതുകമാണ് എല്ലാവർക്കുമിപ്പോൾ.