അനഘയുടെ മരണം: ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

കോഴിക്കോട്: പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തിൽ ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം. ഭര്‍ത്താവിന്റേയും ഭർതൃ വീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശനാണ് അന്വേഷിക്കുന്നത്.

അനഘയെ ഇക്കഴിഞ്ഞ വ്യാഴാ‌ഴ്‌ചയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. ഈ മരണത്തിനു കാരണം അനഘയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ആണെന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ചേവായൂര്‍ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. അനഘയുടെ കുടുംബത്തിന്റെ പരാതിയിലാണ് നിലവിലെ അന്വേഷണം.

ആത്മഹത്യാ പ്രേരണാക്കുറ്റം, മാനസികവും ശാരീരവുമായ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ കേസെടുത്തത്. 2020 മാര്‍ച്ച് 25നാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. മകളുമായി സംസാരിക്കാൻ അനുവദിക്കാറില്ലെന്നും പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്നും അനഘയുടെ അമ്മ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News