തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാൻ എയർവേയ്‌സിന്റെ വിമാനത്തിൽ പരുന്തിടിച്ചു;വിമാനത്തിന് തകരാര്‍, യാത്രക്കാരെ ഹോട്ടിലിലേക്ക് മാറ്റി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മസ്‌ക്കറ്റിൽനിന്ന് തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാൻ എയർവേയ്‌സിന്റെ വിമാന എൻജിനിൽ പരുന്തിടിച്ചു. മുട്ടത്തറ പൊന്നറ പാലത്തിനു മുകളിൽവെച്ച്‌ റൺവേ 32-ലേക്ക് എത്തുകയായിരുന്ന വിമാനത്തിലാണ് പരുന്തിടിച്ചത്. ഞായറാഴ്ച രാവിലെ 7.30-നായിരുന്നു സംഭവം. എങ്കിലും അപകടമുണ്ടാകാതെ വിമാനം ലാൻഡ് ചെയ്യിക്കാൻ പൈലറ്റിനായി.

ഈ വിമാനത്തിനു പിന്നാലെ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും എയർ ഇന്ത്യയുടെയും വിമാനങ്ങൾ ആകാശത്ത് ചുറ്റിക്കറങ്ങാൻ എടിസി നിർദേശിച്ചു. വിമാനത്താവളത്തിലെ ബേർഡ് സ്‌കെയേർസ് റോക്കറ്റ് വിട്ടും ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചും വ്യോമപാതയിൽ നിന്ന് പക്ഷികളെ നീക്കിയതിനുശേഷമാണ് വിമാനങ്ങളെ ഒന്നൊന്നായി ഇറക്കിയത്.

വിമാനമിറക്കുന്നതിനു മുൻപുതന്നെ വിമാനപാതയിൽ കാക്കയും പരുന്തും കൊക്കും ഉൾപ്പെട്ട പക്ഷിക്കൂട്ടങ്ങളെ പൈലറ്റ് കണ്ടിരുന്നു. ഇതേക്കുറിച്ച് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിൽ വിവരവും നൽകിയിരുന്നു. എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ വലതുഭാഗത്തുള്ള എൻജിനിലാണ് പക്ഷിയിടിച്ചതെന്ന് കണ്ടെത്തി. മൂന്ന് ബ്ലേഡുകളാണ് തകരാറിലായത്. വിമാനത്തിന്റെ മടക്കയാത്രയിൽ മസ്‌ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന 150 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് താത്‌കാലികമായി മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News