അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവ്‌ ഭാര്യയുടെ കൺമുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: റോഡിലെ തര്‍ക്കത്തിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആഗ്ര സ്വദേശിയായ ഗവിന്‍ ദസൗര്‍ എന്ന 29-കാരനാണ് മരിച്ചത്. ഇന്ത്യാന സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് സംഭവം.

ഗവിന്‍ വെടിയേറ്റ് താഴെവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഗവിന്‍, മെക്‌സിക്കോ സ്വദേശിനിയായ ഭാര്യ വിവിയാന സമോറയുമൊത്ത് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിടെയായിരുന്നു സംഭവം. ജൂണ്‍ 29-നായിരുന്നു ഗവിന്റെയും വിവിയാനയുടെയും വിവാഹം.

ജങ്ഷനില്‍വെച്ച് ഗവിന്‍ തന്റെ കാറില്‍നിന്ന് ഇറങ്ങുന്നതും പിക്ക് അപ്പ് ട്രക്ക് ഡ്രൈവറോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ട്രക്കിന്റെ വാതിലില്‍ ഇടിക്കുന്നുമുണ്ട്. ഇതിന് പിന്നാലെ ട്രക്കിന്റെ ഡ്രൈവര്‍ ഗവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു.

ഗവിനു നേര്‍ക്ക് വെടിയുതിര്‍ത്തയാളെ പോലീസ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. സ്വയംരക്ഷാര്‍ഥമായിരിക്കാം ഇയാള്‍ ഗവിന് നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനും മാരിയണ്‍ കൗണ്ടി പ്രോസിക്യൂട്ടേഴ്‌സ് ഓഫീസുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് പ്രതിയെ വിട്ടയച്ചതെന്ന് പോലീസ് വക്താവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News