പുഴയില്‍ കുളിക്കാനിറങ്ങിയ 11കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു; ഒരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി

കോഴിക്കോട്: മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു.  ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍ (11) ആണ് മരിച്ചത്. കൂട്ടുകാരൻ അജ്മലിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞു പുഴയിൽ കുളിക്കാനെത്തിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തിരച്ചിലിനിടെ രണ്ടുപേരെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹലിനെ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട അജ്മലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര സഹകരണ ആശുപത്രിയിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News