അമൃത്പാല്‍ സിംഗിനെ ദിബ്രൂഗഢ്‌ സെന്‍ട്രല്‍ ജയിലിലടച്ചു; പ്രതികാര രാഷ്ട്രീയം ആവശ്യമില്ലെന്ന് ഭഗവന്ത് മൻ

ദിസ്പുർ: ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിനെ ദിബ്രൂഗഢ്‌ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അമൃത്പാലും പൊലീസ് സംഘവും അസമിലെ മോഹൻബാരി വിമാനത്താവളത്തിലെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് മോഹന്‍ബാരി വിമാനത്താവളത്തില്‍ ഏർപ്പെടുത്തിയിരുന്നത്. അമൃത്പാലിനെ അസമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുരക്ഷ കർശനമാക്കിയത്. ദേശീയ സുരക്ഷാനിയമം ചുമത്തി അമൃത്പാലിന്റെ എട്ടോളം അനുയായികളെയീണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സ്ഥിരീകരിച്ചു. ‘രാജ്യത്തെ ക്രമസമാധാന നില തകർക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടികളുണ്ടാകും. ഒരു സാധാരണക്കാരനെയും ശല്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പ്രതികാര രാഷ്ട്രീയം നമുക്ക് ആവശ്യമില്ല’ ഭഗവന്ത് മൻ പറഞ്ഞു.

മാര്‍ച്ച് 18നാണ് പഞ്ചാബ് പൊലീസില്‍ നിന്ന് അമൃത്പാല്‍ സിംഗ് രക്ഷപ്പെടുന്നത്. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അമൃത് പാല്‍ സിംഗിന്റെ സഹായിയും ഗണ്‍മാനുമായ വീരേന്ദ്ര സിംഗിനെ പൊലീസ് പിടികൂടിയിരുന്നു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ വീരേന്ദ്ര സിംഗിനെ അഞ്ചല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News