ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി സംഘടനയുടെ നിയമോപദേശകന്‍. പഞ്ചാബിലെ ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍ ഉള്ളതെന്ന് ‘വാരിസ് പഞ്ചാബ് ദേ’ നിയമോപദേഷ്ടാവ് ഇമാന്‍ സിംഗ് ഖാര പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇമാന്‍ സിംഗ് ആരോപിച്ചു. അതേസമയം അറസ്റ്റ് സംബന്ധിച്ച് പഞ്ചാബ് പൊലീസ് പ്രതികരിച്ചിട്ടില്ല.
അമൃത്പാല്‍ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഘടനയുടെ അഭിഭാഷകന്‍ രംഗത്തെത്തുന്നത്. അമൃത്പാലിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇമാന്‍ സിംഗ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പഞ്ചാബ് പൊലീസിന്റെ പ്രതികരണം തേടിയിട്ടുമുണ്ട്.
ഖലിസ്ഥാന്‍ അനുകൂലിയായ അമൃതപാല്‍ സിംഗിന്റെ അനുയായികള്‍ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് വാളുകളും തോക്കുകളുമായി അജ്നാലയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ഈ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അമൃത്പാലിനെ പിടികൂടാനുള്ള നടപടി ആരംഭിച്ചത്.
അമൃത്പാല്‍ സിംഗിനെ പിന്തുണയ്ക്കുന്ന 80 ഓളം പേര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. അമൃതപാല്‍ സിംഗ് ഒളിവിലായിരുന്നു. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് അമൃത്പാലിനെ പിടികൂടാന്‍ നിയോഗിച്ചിരുന്നത്.