ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും.
പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും രൂക്ഷമാകും. പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
അടിയന്തര സാഹചര്യം നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തി. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശ്രമിക് ട്രെയിനുകള്‍ റദാക്കി. കൊല്‍ക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിര്‍ത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.