കൊച്ചി: എറണാകുളം അയ്യമ്പള്ളി സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ കാണാതായ സംഭവത്തിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. 13 വയസുള്ള സഹോദരനാണു തിരികെയെത്തിയത്. ഇവർക്കായി സംസ്ഥാനമാകെ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു വിദ്യാർഥി തിരിച്ചെത്തിയത്. 15 വയസുള്ള സഹോദരിയെയാണ് ഇനി കണ്ടെത്താനുള്ളത്. പെൺകുട്ടിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ ചേർപ്പിൽ പിതാവിന്റെ വീട്ടിൽ നിന്നു പഠിക്കുന്ന കുട്ടികൾ ചൊവ്വാഴ്ച, സ്വന്തം വീട്ടിൽ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30നു വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി. തുടർന്ന് തിരുവനന്തപുരത്തു റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കി.
തിരിച്ചെത്തിയ കുട്ടിയിൽനിന്നു വിവരങ്ങൾ ലഭിക്കുന്നതിനു മുനമ്പം പൊലീസ് ശ്രമിക്കുന്നുണ്ട്. പെൺകുട്ടിക്കു സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ ഉണ്ടെന്നാണു വിവരം. പെൺകുട്ടി ആരെയോ കണ്ടെത്തിയതോടെ ആൺകുട്ടി തിരിച്ചു പോരുകയായിരുന്നുവെന്നാണ് സൂചന. പെൺകുട്ടിയെ ഇന്നു തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.