KeralaNews

കേന്ദ്രം വേട്ടയാടുന്നു, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആംനസ്റ്റി

ന്യൂഡല്‍ഹി: രാജ്യന്തര സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആനംസ്റ്റി ഇന്റര്‍നാഷനല്‍ ആരോപിച്ചു. എന്നാല്‍ വിദേശസഹായ നിയന്ത്രണ നിയമം സംഘടന ലംഘിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തല്‍.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം ഈ മാസം 10നാണ് അറിഞ്ഞതെന്നും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറയുന്നു. ഡല്‍ഹി കലാപം, ഭരണഘടനാപദവി റദ്ദാക്കിയ ശേഷമുള്ള ജമ്മുകശ്മീരിലെ സാഹചര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍ രംഗത്തുവന്നിരുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുന്നെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ബോധപൂര്‍വം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് സംഘടന പ്രസ്താവനയില്‍ പറയുന്നത്. സംഘടനയുടെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാറാണ് പ്രതികരിച്ചിരിക്കുന്നത്.

നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തിവരുന്നത്.

2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതിയില്‍നിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു. യു.കെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സി.ബി.ഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button