ശ്രീനഗർ : നാഷണൽ കോൺഫറൻസ് നേതാവും ബിജ്ബെഹറ എംഎൽഎയുമായ ബഷീർ അഹമ്മദ് വീരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ബാഗിൽ നിന്ന് രണ്ട് ലൈവ് ബുള്ളറ്റുകൾ കണ്ടെടുത്തതിനെ തുടർന്നാണ് ഞായറാഴ്ച ബഷീർ അഹമ്മദിനെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. കശ്മീരിലെ ഭരണകക്ഷി എംഎൽഎ എന്ന നിലയിൽ ഗുരുതര പിഴവാണ് ബഷീർ അഹമ്മദിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
നിലവിൽ ഹംഹാമ സ്റ്റേഷനിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തിന് തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ലൈസൻസ് എത്രയും പെട്ടെന്ന് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മെഹബൂബ മുഫ്തിയെ പരാജയപ്പെടുത്തി 33,299 വോട്ടുകൾക്കാണ് ബഷീർ ശ്രീഗുഫ്വാര-ബിജ്ബെഹറ സീറ്റിൽ വിജയിച്ചിരുന്നത്.