ഷംസാബാദ്: കർണാടകത്തിൽ അധികം വൈകാതെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കർണാടകം മാത്രമല്ല, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കുമെന്നും അമിത്ഷാ പറഞ്ഞു. തെലുങ്കാനയിലെ ഷംസാബാദിൽ നടന്ന ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് – ദൾ എം.എൽ.എമാരുടെ രാജിയോടെ നിലവിൽ കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഉടൻ തന്നെ അല്ല എങ്കിലും കർണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കും. തുടർന്നുള്ള വർഷങ്ങളിൽ കേരളം, തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും നമ്മൾ അധികാരത്തിലെത്തും”, അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ ഉദ്ഘാടനം ചെയ്ത അംഗത്വ വിതരണ ക്യാംപെയ്‍ൻ ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തത് അമിത് ഷായാണ്. ക്യാംപെയ്‍ൻ തുടങ്ങിയ ആദ്യ ദിവസം തന്നെ, തെലുഗു ദേശം പാർട്ടിയുടെ സ്ഥാപക നേതാവ് നന്ദെൻഡല ഭാസ്കർ റാവുവിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപിക്കായി.
കർണാടകത്തിൽ ഏത് നിമിഷവും ദൾ – കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്തിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. എന്നാൽ കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് അവകാശപ്പെടുന്നു. ബിജെപി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.