ന്യൂഡൽഹി:ഗുജറാത്ത് കലാപക്കേസിൽ സാമൂഹികപ്രവർത്തക ടീസ്ത സെത്തൽവാദിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിമുഖം. വാർത്ത ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ – ‘ടീസ്തയുടെ നേതൃത്വത്തിലുള്ള സംഘടന കലാപത്തെക്കുറിച്ച് പൊലീസിനു അടിസ്ഥാനരഹിതമായ വിവരങ്ങൾ നൽകി. ബിജെപിക്കാരുടെ പേരുൾപ്പെടുത്തി ഇവർ പൊലീസിനു നൽകിയ കടലാസുകൾ സത്യമായി പരിഗണിക്കപ്പെട്ടു. ചില ബിജെപി വിരുദ്ധ പാർട്ടികളും മാധ്യമപ്രവർത്തകരും സന്നദ്ധ സംഘടനകളുമടങ്ങുന്ന ത്രികക്ഷി സഖ്യമാണ് മോദിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.
ഗുജറാത്ത് കലാപക്കേസിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്. ഉന്നത ഗൂഢാലോചന ഇല്ലെന്ന വിധി ക്ലീന്‍ചിറ്റ് അല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഹർജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹർജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഹർജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ എം ഖാൻവില്‍ക്കര്‍, ദിനേഷ് മഹേശ്വരി , സി ടി രവികുമാർ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. മുകുള്‍ റോത്തഗി പ്രത്യേക അന്വേഷണ സംഘത്തിനായും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ഗുജറാത്ത് സർക്കാരിനായും ഹാജരായിരുന്നു.
ഗൂഢാലോചന തെളിയിക്കുന്ന പല കാര്യങ്ങളും അന്വേഷണം സംഘം ഒഴിവാക്കിയെന്നതടക്കമുള്ള വാദങ്ങളാണ് കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് കോടതി തള്ളി. കലാപത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവെച്ചതിന് പിന്നാലെയാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.