KeralaNews

വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, വിവാദങ്ങൾക്കിടെ അമ്മ ജനറൽ ബോഡി ഇന്ന്

കൊച്ചി: താര സംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻ ലാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടരുമ്പോഴാണ് യോഗം. 

കൊവിഡ് ക്വാറന്റൈനിലായതിനാൽ നടി മാല പാർവതി യോഗത്തിൽ പങ്കെടുക്കുന്നില്ല. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവ്വതി നേരത്തെ രാജിവെച്ചിരുന്നു. നാല് മണിയ്ക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.

അതേസമയം നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി (WCC) രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

ഡബ്ല്യുസിസിയുടെ പ്രതികരണം ഇങ്ങനെ

തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു. നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :

1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിൻറെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.
2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.

ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28ശതമാനത്തിൽ താഴെ ബലാത്സംഗ കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker