ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നതായും അമിത് ഷാ പറഞ്ഞു. ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഇത് സംബന്ധിച്ച അമിത് ഷായുടെ ആദ്യ പ്രതികരണമാണിത്.
സുപ്രീംകോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഇലക്ടറല്‍ ബോണ്ട് എങ്ങനെയാണ് കൊണ്ടുവന്നതെന്നും കള്ളപ്പണം അത് എങ്ങനെ തുടച്ചുനീക്കപ്പെട്ടുവെന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഇലക്ടറല്‍ ബോണ്ട് പദ്ധതി വരുന്നതിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സംഭാവനയായിട്ടാണ് സ്വീകരിച്ചിരുന്നത്. അതില്‍ മാറ്റംവന്നു.
‘തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ബിജെപിക്ക് നേട്ടമുണ്ടായത് തങ്ങള്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടാണെന്ന ഒരു ധാരണയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടി റാക്കറ്റാണിതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇത്തരം കാര്യങ്ങള്‍ ആരാണ് അദ്ദേഹത്തിന് എഴുതി കൊടുക്കുന്നതെന്ന് അറിയില്ല. ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് 6000 കോടി രൂപയാണ് കിട്ടിയത്. എല്ലാ പാര്‍ട്ടികള്‍ക്കുമായി 20000 കോടി രൂപയുടെ ബോണ്ടാണ് ലഭിച്ചിട്ടുള്ളത്. ബാക്കി 14000 കോടി രൂപ എവിടെ പോയി’ അമിത് ഷാ ചോദിച്ചു.
ബിജെപിക്ക് ഏറ്റവും കൂടുതല്‍ തുക ലഭിച്ചെന്ന് പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, അവര്‍ക്ക് ലഭിച്ച സീറ്റുകള്‍ക്ക് ആനുപാതികമായിട്ടാണോ ബോണ്ട് തുക ലഭിച്ചതെന്നും അമിത് ഷാ ചോദിച്ചു.
ഇലക്ടറല്‍ ബോണ്ട് പദ്ധതിയില്‍ നല്‍കുന്ന ആളുടേയും വാങ്ങുന്ന പാര്‍ട്ടിയുടേയും ബാങ്ക് രേഖകളില്‍ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത് കൊണ്ട് ഇതില്‍ ഒരു രഹസ്യാത്മകതയും ഇല്ല. നേരത്തെ സംഭാവന വഴി പാര്‍ട്ടികള്‍ പണം വാങ്ങിയിരുന്നപ്പോള്‍ കോണ്‍ഗ്രസ് 100 രൂപ പാര്‍ട്ടിയിലേക്കും 1000 രൂപ നേതാക്കളുടെ വീടുകളിലേക്കുമാണ് കൊണ്ടുപോയിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.