ന്യൂഡല്‍ഹി:ഭാരത് ജോഡോ യാത്രയിൽ രാഹുൽ ധരിക്കുന്നത് വിദേശനിർമിത ടി ഷർട്ടാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ജയ്പുരിൽ ആരോപിച്ചു. കോൺഗ്രസിനു വികസനത്തിനായി പ്രവർത്തിക്കാനാവില്ലെന്നും പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവരുടേതെന്നും ഷാ പറഞ്ഞു.
അതേ സമയം, ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ടി ഷർട്ട് തിരുപ്പൂരിൽ നിർമിച്ചതാണെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു. കാൽനടയാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20000 ടി ഷർട്ടുകൾക്ക് ഓർഡർ നൽകിയിരുന്നു. അവയിൽ നാലെണ്ണമൊഴികെ മറ്റുള്ളവയിലെല്ലാം കോൺഗ്രസ് നേതാക്കളുടെ ചിത്രമുണ്ട്. ചിത്രം പതിക്കാത്ത ടീ ഷർട്ടുകളിലൊന്നാണു രാഹുൽ ധരിച്ചിരുന്നതെന്നും അഴഗിരി പറഞ്ഞു.
രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ടിന്റെ വില 41000 രൂപ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഹുൽ ടി ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി പങ്കുവച്ചത്.