ആലപ്പുഴ:വരൻ സൗദിയിൽ, വധു ചങ്ങനാശേരിയിൽ. ഓൺലൈനിൽ നിക്കാഹ് കഴിഞ്ഞു 10 മാസമായിട്ടും വരന്റെ അടുക്കലെത്താൻ കഴിയാതെ വധു. ചങ്ങനാശേരി പെരുന്ന പാലുപറമ്പിൽ അബ്ദുൽ സമദിന്റെയും നൗമിതയുടെയും മകൾ ആമിനയും ആലപ്പുഴ വളഞ്ഞവഴി മുല്ലശേരിൽ നാസർ സെയ്തലിയുടെയും സുഹ്റയുടെയും മകൻ ആസിഫുമാണ് 2020 ഓഗസ്റ്റ് 2നു നിക്കാഹ് കഴിഞ്ഞിട്ടും 2 രാജ്യങ്ങളിലായി ജീവിക്കുന്നത്.
രണ്ടു പേരുടെയും കുടുംബങ്ങൾ സൗദിയിലാണ് താമസം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ആമിന നാട്ടിലെത്തിയത്. പിതാവ് സൗദിയിൽ ജോലിയിൽ തുടരുന്നു. 2019 സെപ്റ്റംബറിലായിരുന്നു വിവാഹനിശ്ചയം. ആസിഫും ആമിനയും ഒടുവിൽ കണ്ടതും അന്നാണ്. പിന്നീട് ആസിഫ് സൗദിയിലേക്കു മടങ്ങി.
കഴിഞ്ഞ ജൂലൈയിൽ വിവാഹം ഉറപ്പിച്ചെങ്കിലും കോവിഡും ലോക്ഡൗണും കാരണം ഓഗസ്റ്റിലേക്കു മാറ്റി. ലോക്ഡൗൺ ഇളവു ലഭിച്ച് ആസിഫിനു നാട്ടിലെത്താൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്, സൗദി നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ യാത്ര മുടങ്ങി.
ആസിഫും ആമിനയുടെ പിതാവ് അബ്ദുൽ സമദും സൗദിയിലായതിനാൽ നിക്കാഹ് അവിടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 2നു നിക്കാഹിന്റെ ചടങ്ങുകൾ ആമിനയും കുടുംബവും ഓൺലൈൻ ആയി നാട്ടിലിരുന്നുകണ്ടു. അതിനുശേഷം ആമിന സൗദിയിലേക്കു പോകാൻ ശ്രമിച്ചെങ്കിലും വീസ തടസ്സങ്ങളും യാത്രാ നിയന്ത്രണങ്ങളും മാറാത്തതിനാൽ നടന്നില്ല.
മെക്കാനിക്കൽ എൻജിനീയറായ ആസിഫ് നാട്ടിലെത്തിയാൽ നിയന്ത്രണങ്ങൾ മാറാതെ തിരികെ സൗദിയിലേക്കു പോകാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്. വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ പിതാവിന്റെ രേഖകൾ ഉപയോഗിച്ചേ ആമിനയ്ക്കു വീസ ലഭിക്കൂ എന്നതും തടസ്സമായി.