FeaturedKeralaNews

കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബി.ജെ.പിയിലേക്ക്, നേതാക്കളെ ചോദ്യം ചെയ്യും

തൃശ്ശൂർ:കൊടകര കുഴൽപ്പണ കവർച്ചാക്കേസ് അന്വേഷണം ബിജെപി, ആർഎസ്എസ് നേതാക്കളിലേക്ക്. ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളായ മൂന്നുപേർക്ക് പോലീസ് നിർദേശം നൽകി. കുഴൽപ്പണം തട്ടിയ സംഭവത്തിൽ ഇവർക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മൊഴിയെടുക്കാനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.

തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഹാജരാകാൻ മൂന്നു പേരോടും പോലീസ് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ ചോദ്യംചെയ്യുക.

അതേസമയം കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്ക്, ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജ് എന്നിവർ അന്വേഷണസംഘത്തിന് മൊഴി നൽകി. വെള്ളിയാഴ്ചയാണ് ഇവരെ തൃശ്ശൂരിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സുനിൽ നായിക്കിനെയും ധർമരാജിനെയും ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നൽകി.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞുമായിരുന്നു ഇരുവരെയും ചോദ്യംചെയ്തത്. പോലീസ് ക്ളബ്ബിലായിരുന്നു തീരുമാനിച്ചതെങ്കിലും രഹസ്യകേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യംചെയ്യൽ. വാഹനാപകടമുണ്ടാക്കി കാറിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധർമരാജ്, ഡ്രൈവർ ഷംജീറിനെതിരേ കൊടകര പോലീസിന് പരാതി നൽകിയത്.

ബി.ജെ.പി. തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച മൂന്നരക്കോടിയാണ് കവർന്നതെന്നായിരുന്നു സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം. 19 പ്രതികളിൽനിന്നായി ഒരുകോടിയിലേറെ രൂപ അന്വേഷണസംഘം ഇതിനകം കണ്ടെടുത്തു.

ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണ് ഇതെന്നായിരുന്നു ധർമരാജ് പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ, രേഖകൾ ഇതുവരെയും എത്തിച്ചില്ല. പരാതിയേക്കാൾ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതോടെ പണത്തിന്റെ ഉറവിടമറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

പണം കർണാടകത്തിൽനിന്ന് എത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യവും രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇരുവരെയും ചോദ്യംചെയ്തത്. ചോദ്യംചെയ്യലിൽ ഇരുവരും കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നതായി സമ്മതിച്ചു. ഇതിന് രേഖകളില്ലാത്തതിനാലാണ് പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞതെന്ന് ധർമരാജ് സമ്മതിച്ചു. പണം ആർക്ക് കൊടുക്കാൻ കൊണ്ടുപോവുകയായിരുന്നുവെന്നതിന് വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

പണം കൊടുത്തുവിട്ടയാളെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. അതേസമയം, കള്ളപ്പണമാണെന്ന് സ്ഥിരീകരണമായതോടെ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിടുന്നതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഏപ്രിൽ മൂന്നിന് കൊടകര മേൽപ്പാലത്തിന് സമീപംവെച്ചാണ് വാഹനാപകടമുണ്ടാക്കി പണം കവർന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker