വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അമേരിക്കന്‍ പ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മണിക്കൂറുകള്‍ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ജനപ്രതിനിധി സഭ തീരുമാനിച്ചത്. ജനപ്രതിനിധി സഭയില്‍ പ്രമേയങ്ങള്‍ പാസായതോടെ അത് ഇനി സെനറ്റില്‍ വിചാരണ നടത്തും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. അതിനാല്‍ ട്രംപിനു ഭരണത്തില്‍ തുടരാനാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവും മുന്‍ വൈസ്പ്രസിഡന്റുമായ ജോ ബൈഡനെതിരേ അന്വേഷണത്തിന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണമാണ് ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് അന്വേഷണത്തിലേക്കു നീങ്ങിയത്. ബൈഡനെ താറടിക്കാനായി അധികാര ദുര്‍വിനിയോഗം നടത്തുകയാണു ട്രംപ് ചെയ്തതെന്നാണ് ആരോപണം. ഇതേക്കുറിച്ച് ജനപ്രതിനിധിസഭാ കമ്മിറ്റി നടത്തിയ അന്വേഷണം തടസ്സപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചുവെന്നതാണ് മറ്റൊരു കുറ്റം.