ടോക്കിയോ:കായിക മാമാങ്കമായ ഒളിന്പിക്സിന് ടോക്കിയോയില്‍ കൊടിയിറക്കം. ലോകം ടോക്കിയോയിലേക്ക് ചുരുങ്ങിയ 17 ദിവസങ്ങള്‍ക്കാണ് ഇന്ന് അവസാനമാകുന്നത്. ലോകം കോവിഡ് പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കെയാണ് ജപ്പാന് ഒളിന്പിക്സ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിന്പിക്സ് ആപ്തവാക്യത്തിലേക്ക് ഒരുമിച്ച് എന്ന വാക്ക് കൂടി എഴുതിചേര്‍ത്താണ് ടോക്കിയോ ഒളിന്പിക്സിനു തിരശീല വീഴുന്നത്. സമാപന ചടങ്ങിലെ താരങ്ങളുടെ പരേഡില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്റംഗ് പൂനിയയാണ് ഇന്ത്യന്‍ പതാക വഹിച്ചത്.മത്സരം പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മടങ്ങണമെന്നതിനാല്‍ പ്രമുഖ താരങ്ങളില്‍ പലരും സമാപന ചടങ്ങിനില്ല.
ജൂലൈ 23ന് ടോക്കിയോയില്‍ തുടക്കം കുറിച്ച ഒളിന്പിക്സില്‍ അമേരിക്ക ചാന്പ്യന് പട്ടം നിലനിര്‍ത്തി. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും സഹിതം 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളുമായി ചൈന രണ്ടാമതാണ്. 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാന് മൂന്നാം സ്ഥാനത്തെത്തി.
ഒളിന്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഏഴു മെഡലുകളുമായി 48-ാം സ്ഥാനത്താണ്. ആകെ 86 രാജ്യങ്ങളാണ് ടോക്കിയോയില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്.റിയോ ഒളിംപിക്സില്‍ 67 ാം സ്ഥാനത്തായിരുന്നു ഇന്ത്യ