മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേന്റ കൊലപാതക ഗൂഢാലോചന നടന്നത് മുംബൈ പൊലീസ് ആസ്ഥാനത്തെ ക്രൈം ഇന്റലിജന്‍സ് യൂനിറ്റി (സി.ഐ .യു)ലെന്ന് എന്‍.ഐ.എ. അറസ്റ്റിലായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സചിന് വാസെ. മാര്‍ച്ച് അഞ്ചിന് മന്സുഖിന്റ മൃതദേഹം മുംബ്ര കടലിടുക്കില്‍നിന്ന് കണ്ടെത്തിയതോടെ ഗൂഢാലോചനക്കും കൃത്യനിര്‍വഹണത്തിനും ഉപയോഗിച്ച മൊബൈലുകള്‍ സചിന് വാസെ നശിപ്പിച്ചു.
പലയിടങ്ങളില്‍നിന്നായി തെളിവു ശേഖരണമെന്ന വ്യാജേന ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ ഡി.വി.ആര് ബാന്ദ്രയിലെ മീത്തി നദിയിലാണ് സചിന് കൊണ്ടുതള്ളിയത്. സചിന്റ മൊഴിയെ തുടര്‍ന്ന് മീത്തി നദിയില്‍നിന്ന് ഡി.വി.ആറും കമ്പ്യൂട്ടർ സര്‍വറും വ്യാജ നമ്പര്‍ പ്ലേറ്റുകളും ഞായറാഴ്ച മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. ഹോട്ടല്‍ വ്യാപാരികളില്‍നിന്ന് പണം പിരിച്ചതും സി.ഐ .യുവിലിരുന്നാണെന്നും കണ്ടെത്തി. മാര്‍ച്ച് മൂന്നിന് വൈകീട്ട് 4.30 മുതല്‍ 6.30 വരെ മന്‍സുഖ് സി.ഐ.യുവിലുണ്ടായിരുന്നു.
അംബാനി ഭീഷണി കേസില്‍ പ്രതിയാകാന്‍ സചിന് വാസെയും മറ്റു രണ്ട് ഇന്‍സ്പെക്ടര്‍മാരും ഒരു ഉന്നതനും മന്‍സുഖിനെ നിര്‍ബന്ധിച്ചെന്ന് സാക്ഷികള്‍ മൊഴി നല്‍കിയതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ചെയ്യാത്ത കുറ്റമേറ്റെടുക്കാന്‍ മന്‍സുഖ് തയാറായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥന് പണം നല്‍കാനെത്തിയ ഹോട്ടലുടമയും കോണ്‍സ്റ്റബിളുമാണ് സാക്ഷികള്‍. അടുത്ത ദിവസം രാത്രിയാണ് മന്‍സുഖ് കൊല്ലപ്പെട്ടത്.
കേസന്വേഷണത്തില്‍ തന്റെ പേര് വീണ്ടെടുക്കാനാണ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കാര്‍ കൊണ്ടിട്ടതെന്ന് സചിന് സമ്മതിച്ചതായാണ് എന്‍ ഐ .എ അവകാശപ്പെട്ടത്. എന്നാല്‍, തന്നെ ബലിയാടാക്കുകയാണെന്നും കുറ്റമേറ്റിട്ടില്ലെന്നും സചിന് എന്‍ഐ.എ കോടതിയില്‍ പറഞ്ഞിരുന്നു.