അമ്പലവയൽ : ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി കവർച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗംചെയ്യുകയും ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു. കേസിലെ പ്രധാനപ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ. രാഹുൽ എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. കൊയിലാണ്ടി സ്വദേശികളായ ഒമ്പതുപേരുൾപ്പെടെ 15 പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഏപ്രിൽ 28-നാണ് അമ്പലവയൽ പള്ളവയലിലെ ഹോംസ്റ്റേയിൽവെച്ച് യുവതി പീഡനത്തിനിരയായത്.
അർധരാത്രിയിൽ ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറിയ മുഖംമൂടിസംഘമാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വർണമാലയും അപഹരിച്ചശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണമാണ് കൂട്ടബലാത്സംഗത്തിന്റെ ചുരുളഴിച്ചത്. ബത്തേരി ഡിവൈ.എസ്.പി. അബ്ദുൾ ഷരീഫിനായിരുന്നു അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് അന്വേഷിച്ചത്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കുറ്റകൃത്യത്തിൽ ആദ്യം ഹോംസ്റ്റേ നടത്തിപ്പുകാരാണ് പിടിയിലായത്.
പിന്നീട് ഇടനിലക്കാരെയും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ബാക്കിയുള്ള രണ്ടുപ്രതികളെയും പിടികൂടി. അക്രമിസംഘത്തിലെ ഒമ്പതുപേരും കൊയിലാണ്ടി സ്വദേശികളാണ്. ഇവർ മുമ്പും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
അതിക്രമം കഴിഞ്ഞ് സി.സി.ടി.വി. ഉപകരണങ്ങൾ നശിപ്പിച്ചശേഷമാണ് പ്രതികൾ വാടകയ്ക്കെടുത്ത കാറുമായി കടന്നത്. റിസോർട്ട് മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ഗുണ്ടാനേതാക്കളുടെ ഹഫ്ത പിരിക്കലും ഉൾപ്പെടെയുള്ള മുൻകാല സംഭവങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികൾ ജില്ലയ്ക്കു പുറത്തുനിന്നെത്തിയവരാണെന്ന് തിരിച്ചറിഞ്ഞത്.