വോഡാഫോണുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണ്‍
വോഡാഫോണുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണ്‍. വോഡഫോണ്‍ സ്റ്റോറുകളില്‍ പിക്ക് അപ്പ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ചൊവ്വാഴ്ചയാണ് ഇത് സമ്പന്ധിച്ച പ്രഖ്യാപനം ആമസോണ്‍ നടത്തിയത്. ഇതോടെ ആമസോണിലൂടെ വാങ്ങുന്ന സാധനങ്ങള്‍ അടുത്തുള്ള വോഡാഫോണ്‍ സ്റ്റോറില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സ്വീകരിക്കാനാകും. ഇതിനായി വോഡാഫോണ്‍ സ്റ്റോര്‍ ഒരു പിക്കപ്പ് ലൊക്കേഷനായി തിരഞ്ഞെടുക്കാന്‍ ഇനി മുതല്‍ സാധിക്കും.
ഷോപ്പിങ്ങിന് ശേഷം ചെക്ക് ഔട്ട് പേജില്‍ ഇഷ്ടമുള്ള വോഡാഫോണ്‍ പിക്ക് അപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനാകും ഉപയോക്താക്കള്‍ക്കായി ആമസോണ്‍ ഒരുക്കുക. നിലവില്‍ ബംഗളൂരു, മുംബൈ, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍, ഇന്‍ഡോര്‍, അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് സൗകര്യം ലഭ്യമാകുക. അധികം വൈകാതെ തന്നെ ഈ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്തൃ സാന്ദ്രതയെ അടിസ്ഥാനമാക്കി വോഡഫോണ്‍ സ്റ്റോറുകള്‍ പിക്ക് അപ്പ് പോയിന്റുകളായി തിരഞ്ഞെടുത്തത്. 2019 അവസാനത്തോടെ വോഡഫോണ്‍ സ്റ്റോര്‍ നെറ്റ്‌വര്‍ക്കിലെ സാന്നിധ്യം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ഇതിലൂടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തിലും പ്രവേശനക്ഷമതയുള്ളതുമായ സൗകര്യം നല്‍കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആമസോണ്‍ അറിയിച്ചു.