ന്യൂഡൽഹി: ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. റെജികുമാറിന്റെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് എട്ട് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ജയിലില്‍ കഴിഞ്ഞ കാലയളവില്‍ റെജികുമാറിന്റെ സ്വഭാവം, ചെയ്ത ജോലികള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കൈമാറാന്‍ വിയ്യൂർ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. റെജികുമാറിന്റെ മാനസികനില വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ മുഖേനെ കൈമാറാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
വധശിക്ഷയ്ക്ക് എതിരെ റെജികുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്. റെജികുമാറിന്റെ അപ്പീല്‍ മൂന്ന് മാസത്തിന് ശേഷം പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി. റെജികുമാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ, അഭിഭാഷകരായ മുകുന്ദ് പി. ഉണ്ണി, സാക്ഷി ജയിന്‍ എന്നിവര്‍ ഹാജരായി.
2009-ലാണ് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് നടരാജന്‍ ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014-ല്‍ കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു. കേസില്‍ ഒരു ദൃക്‌സാക്ഷി പോലും ഇല്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് തെറ്റാണ്. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യത പോലും കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷ വിധിച്ചതെന്നും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
2008 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടയാത്. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകത്തിന് മുമ്പ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.