കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിക്കെ കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ മോശമായി ചിത്രീകരിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ്.
അരിതയുടെ സ്ഥാനാര്‍ഥിത്വത്തെ ഇടത് വനിതാ സംഗമത്തിനിടെ എംപി കളിയാക്കുകയായിരുന്നു. കായംകുളത്ത് പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു എംപിയുടെ പരാമര്‍ശം.
എംപിയുടെ പരാമര്‍ശം നവമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്. എംപിയുടെ പരാമര്‍ശത്തില്‍ വേദനയുണ്ടെന്നും മുഴുവന്‍ തൊഴിലാളികളെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത പ്രതികരിച്ചു. വിഷയത്തില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പരാമര്‍ശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് കേന്ദ്രങ്ങള്‍ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തില്‍ ആരിഫിന്റെ പ്രതികരണം അറിവായിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ഥിയാണ്. കായംകുളത്തെ സിറ്റിങ് എം.എല്‍.എ യു.പ്രതിഭയോടാണ് അരിത പോരിനിറങ്ങുന്നത്.
ആരിഫ് എം.പിയ്ക്കു മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബു രംഗത്ത് വന്നു. പരാമര്‍ശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു. എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു.