റോഡിൽ കുഴിയും മൺകൂനയും; സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതിക്ക് പരിക്ക്‌

കൊച്ചി: റോഡിലെ കുഴിയില്‍ ചാടിയും മണ്‍കൂനയില്‍ തട്ടിയും സ്‌കൂട്ടര്‍ നിയന്ത്രണംവിട്ടുമറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. ആലുവ ശ്രീമൂലനഗരം എം.എല്‍.എ. റോഡിലാണ് അപകടം.

പൈപ്പിടാനായി ജല അതോറിറ്റി റോഡില്‍ കുഴിയെടുത്തിരുന്നു. ഇതിനായെടുത്ത മണ്ണാണ് കുഴിക്ക് സമീപം കൂട്ടിയിട്ടിരുന്നത്. റോഡില്‍ ഉയര്‍ന്നുനിന്നിരുന്ന മണ്‍ത്തിട്ടയും കുഴിയും യുവതി ശ്രദ്ധിച്ചിരുന്നില്ല.

വേഗതയിലെത്തിയ സ്‌കൂട്ടര്‍ കുഴിയില്‍ ചാടുകയും പിന്നാലെ മണ്‍ത്തിട്ടയില്‍ കയറുകയും ചെയ്തതോടെ നിയന്ത്രണംവിട്ട് മറിയുകയും യാത്രക്കാരി റോഡില്‍ വീഴുകയുമായിരുന്നു. അപകടത്തില്‍ യുവതിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സതേടി.

മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീമൂലനഗരം എം.എല്‍.എ. റോഡില്‍ പൈപ്പിടാനായി ജല അതോറിറ്റി കുഴിയെടുത്തത്. പണി കഴിഞ്ഞിട്ടും കുഴി മൂടുകയോ ഇതിനായെടുത്ത മണ്ണ് നിരപ്പാക്കുകയോ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എന്നാല്‍ അപകടമുണ്ടായതിന് പിന്നാലെ അധികൃതര്‍ക്കെതിരേ വലിയ പ്രതിഷേധമുയര്‍ന്നു. ഇതോടെ അഞ്ചുമിനിറ്റിനുള്ളില്‍ കുഴി മൂടുകയും മണ്‍കൂന നിരപ്പാക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News