ആലുവയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ അഞ്ച് വയസുകാരിയുടേത്?ഹൃദയം തകർന്ന് നാട്
ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി.
രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.
ഇന്നലെ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. ആരാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.