സ്‌ക്രാച്ച് ആന്റ് വിന്‍ 25 ലക്ഷം സമ്മാനത്തിനായി 80 ലക്ഷം പൊടിച്ചു! കൊച്ചിയില്‍ യുവാവ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി; മുന്നറിയിപ്പുമായി പോലീസ്

ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ആളുകള്‍ സ്ഥിരമായി വീണുപോകുന്നതിന് തെിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. ഉത്തരേന്ത്യന്‍ ഒണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ യുവാവിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചാണ് റൂറല്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ദിനംപ്രതി നിരവധി പരാതികളാണ് ലഭിക്കുന്നത് റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പോസ്റ്റ് കാര്‍ഡില്‍ എത്തിയ സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡില്‍ 25 ലക്ഷം രൂപ സമ്മാനം ലഭിച്ചുവെന്നത് സത്യമാണെന്ന് വിശ്വസിച്ച യുവാവിന്റെ 80 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട കേസില്‍ അന്വേഷണം നടക്കുകയാണ്. തപാലിലാണ് കാര്‍ഡ് യുവാവിന്റെ വിലാസത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ വ്യാപാരസൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങീയതിന് സമ്മാനമായി ലഭിച്ചതെന്നും പറഞ്ഞ് അഭിനന്ദന സന്ദേശത്തോടെയാണ് കാര്‍ഡെത്തിയത്. ചുരണ്ടി നോക്കിയപ്പോള്‍ 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചതായി കാണിച്ചു.

തുടര്‍ന്ന് രണ്ടായിരം രൂപ പ്രോസസിങ് ചാര്‍ജില്‍ തുടങ്ങി 80 ലക്ഷത്തിലേറെ രൂപ തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപ സമ്മാനമായി കിട്ടാന്‍ വേണ്ടി യുവാവ് മുടക്കി. ഓരോ പ്രാവശ്യവും പണം മുടക്കുമ്പോഴും മുടക്കുന്ന പണം കൂടിച്ചേര്‍ത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത് വിശ്വസിച്ചതാണ് യുവാവിന് വിനയായത്. ഒടുവില്‍ തട്ടിപ്പാണെന്ന് മനസിലായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത്തരം വ്യാജ പ്രലോഭനങ്ങളില്‍ വീഴരുതെന്ന് ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്ക് മുന്നറിയിപ്പു നല്‍കി.

ഇത്തരം തട്ടിപ്പുകാര്‍ പ്രശസ്തമായ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകള്‍ അയക്കുന്നത്. ചുരണ്ടി നോക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇത് ലഭ്യമാകുന്നതിന് പല കാര്യങ്ങള്‍ പറഞ്ഞ് സംഘം പണം തട്ടും. ഇങ്ങനെയുള്ള കാര്യങ്ങള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News