തിരുവനന്തപുരം: ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചനയിലും ഇരുവർക്കും പങ്കെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയതിലാണ് പൊലീസ് എഫ്ഐആര്‍ ഇട്ട് കെസെടുത്തിരുന്നത്. അന്വേഷണത്തില്‍ മൂന്ന് പേരെ ഒന്നിച്ചാണ് കാറില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ചും തട്ടിക്കാെണ്ട് പോയ മൂന്ന് പേരെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
വാഹനം വാടകയ്ക്ക് കൊടുക്കുന്നതിലെ ഇടനിലക്കാരടക്കം രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടികൊണ്ടുപോകുന്നതിനിടെ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വിവരമുണ്ട്. ഇതും മൊബൈല്‍ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ വാഹനം വാടകയ്ക്ക് എടുത്ത പത്തനംതിട്ട എആര്‍ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് നിന്നും വന്ന സുഹൃത്തിന് ഉപയോഗിക്കാനാണ് കാര്‍ വാടകക്കെടുത്ത് നല്‍കിയതെന്നാണ് ഇയാള്‍ നല്‍കിയിട്ടുള്ള മൊഴി. ഈ കാര്‍ എങ്ങനെ പ്രതികള്‍ക്ക് കിട്ടിയെന്നറിയില്ലെന്നുമാണ് എഎസ്ഐയുടെ വിശദീകരണം.