അശ്ലീല വീഡിയോകള്‍ക്ക് അടിമ,മദ്യപിച്ച് റോഡില്‍ കിടക്കും,അടിപിടി-മോഷണം പതിവ്,14 ദിവസം റിമാൻഡിൽ
കൊച്ചി:ആലുവ നഗരമധ്യത്തിൽ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ്.
മദ്യപിച്ചു റോഡിൽ കിടക്കുന്നതും ആളുകളുമായി തർക്കമുണ്ടാക്കുന്നതും പതിവായിരുന്നു. പ്രതി ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. പ്രതിയുടെ സുഹൃത്തുക്കളായ 2 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇവർക്കു കൊലപാതകത്തിൽ പങ്കില്ലെന്നാണു പൊലീസ് കരുതുന്നത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവു സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റു മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്.
അസഫാക് ആലം മുൻപ് മൊബൈൽ മോഷണക്കേസിലും പ്രതിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ ഒന്നര വർഷം മുൻപാണ് കേരളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലികൾ ചെയ്തിരുന്നു. 2 ദിവസം മുൻപാണ് കുട്ടിയും കുടുംബവും താമസിക്കുന്ന ആലുവ തായിക്കാട്ടുകരയിൽ ഇയാൾ എത്തിയത്.
ജൂസ് വാങ്ങിനൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തെത്തിച്ച് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം.
ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് നാളെ കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകുന്നത്.
കുറ്റകൃത്യം നടത്തിയതിന് പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയുന്നതിന് പൊലീസിന് വിശദമായ അന്വേഷണം നടത്തും. സംഭവ സ്ഥലത്ത് ഇന്നലെ പ്രതിയെ എത്തിച്ചിരുന്നെങ്കിലും ജനരോഷത്തെ തുടർന്ന് പൊലീസിനു തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ, മറ്റു ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. താമസിച്ച സ്ഥലത്തും സംഭവസ്ഥലത്തും പ്രതിയെ എത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.